ആപ്പ് നല്‍കിയ സുന്ദര ഫോട്ടോ അപ്‌ലോഡ് ചെയ്തവര്‍ ആപ്പിലാകുമോ?

ആപ്പ് നല്‍കിയ സുന്ദര ഫോട്ടോ അപ്‌ലോഡ് ചെയ്തവര്‍ ആപ്പിലാകുമോ?

അടിപൊളി ലുക്ക്, മനോഹരമായ മുഖം, രൂപവും ഭാവവും അടിമുടി മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളായി സുന്ദരന്മാരും സുന്ദരികളുമാകാം, രാജാവും രാജ്ഞിയുമാകാം. സാമൂഹ്യ മാധ്യമങ്ങളിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഫോട്ടോ ലാബ് ആപ്പ് സൃഷ്ടിക്കുന്ന പുത്തന്‍ രൂപമാറ്റങ്ങള്‍. ഇത്തരത്തിലുള്ള ഫോട്ടകള്‍ സ്റ്റാറ്റസിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുമെല്ലാം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.

സംഗതിയൊക്കെ കൊള്ളാം. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ പ്രിയങ്കരമാകുന്ന ആപ്പുകള്‍ ഇതാദ്യമല്ല. ചിലര്‍ പ്രായമായ രൂപത്തിലേയ്ക്കും മറ്റുചിലര്‍ കുട്ടിക്കാലത്തേയ്ക്കും പോകും. അങ്ങനെയങ്ങനെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്ന ആപ്പുകള്‍ ധാരാളമുണ്ട്.

അപ്പോഴൊക്കെ ഈ ആപ്പുകള്‍ മുന്നോട്ട് വയ്ക്കുന്ന സുരക്ഷയെപ്പറ്റി ചര്‍ച്ചകള്‍ വരാറുണ്ട്. അതിലൂടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താം. ഇപ്പോഴത്തേതിനേക്കാള്‍ മികച്ച എഡിറ്റുകള്‍ ഭാവിയില്‍ സാധ്യമാവുകയും റിയലും വെര്‍ച്വലും കണ്ടാല്‍ തിരിച്ചറിയാത്ത കാലത്തിലേക്ക് ഇത് നമ്മെ നയിക്കുകയും ചെയ്യും. ഫേസ് ആപ്പ്, റെമിനി, ലെന്‍സ എഐ, പ്രിസ്മ എന്നിങ്ങനെ വൈറല്‍ ആപ്പുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. സുരക്ഷിതമാണെന്ന് പറയുമ്പോഴും ഡാറ്റ ലീക്ക് ഈ ആപ്പുകളുടെ സുരക്ഷയ്ക്ക് എതിര്‍ ഘടകമാകുന്നു. എന്തായാലും ഫോട്ടോ ലാബ് തരംഗം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഫോട്ടോ ലാബിന്റെ കാര്യമെടുത്താല്‍ ലൈന്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡാണ് ഈ ആപ്പിന്റെ സൃഷ്ടാക്കള്‍. പ്ലേ സ്റ്റോറില്‍ കയറി വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്പാണിത്. എഐ ഫോട്ടോ എഡിറ്റിങ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എഐ ടൂളുകളെ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഡാറ്റയാണ് ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നത്. എത്ര പേര്‍ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാം. ഫോട്ടോ ലാബ് ആഘോഷമാക്കുമ്പോള്‍ നാം ഇത് കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.