വത്തിക്കാന്‍ സിറ്റി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും രോഗികളുമായ ജനവിഭാഗത്തിനു വേണ്ടി വത്തിക്കാന്‍ ഫാര്‍മസി ജീവനക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞും അവരുടെ പ്രത്യേകമായ ഈ ദൗത്യത്തില്‍ തുടരാന്‍ പ്രോത്സാഹിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. വിശിഷ്ടമായ അവരുടെ സേവനത്തെയും അര്‍പ്പണബോധത്തെയും എടുത്തുപറഞ്ഞ് പാപ്പ അവരെ പ്രശംസിച്ചു.
150 വര്‍ഷത്തെ സേവന പാരമ്പര്യം
1874-ല്‍ സ്ഥാപിതമായ വത്തിക്കാന്‍ ഫാര്‍മസിയുടെ 150-ാം വാര്‍ഷികം അടുത്തുവരുന്ന ഈ വേളയില്‍, തന്നെ സന്ദര്‍ശിക്കാനെത്തിയ ജീവനക്കാരെ സ്വീകരിച്ച് അവരോട് സംസാരിക്കുകയായിരുന്നു പാപ്പ. സമര്‍പ്പിത സഹോദരങ്ങളും അല്‍മായരുമടങ്ങിയ 150-ഓളം വത്തിക്കാന്‍ ഫാര്‍മസി ജീവനക്കാരുടെ സംഘമാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി എത്തിച്ചേര്‍ന്നത്.
വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍, ഫാര്‍മസിയുടെ തുടക്കത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പ തന്റെ അഭിസംബോധന ആരംഭിച്ചത്. വാഴ്ത്തപ്പെട്ട പീയൂസ് ഒമ്പതാമന്‍ പാപ്പയാണ്, വത്തിക്കാന്‍ ഫാര്‍മസി സ്ഥാപിച്ച്, തന്റെ മുന്‍ഗാമിയായിരുന്ന ഗ്രിഗരി പതിനാറാമന്‍ പാപ്പയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്ഥാപിച്ച, കരുണയുടെ സഹോദരന്മാര്‍ എന്നുകൂടി അറിയപ്പെടുന്ന 'ബ്രദേഴ്‌സ് ഹോസ്പിറ്റലേഴ്‌സ്' സന്യാസ സമൂഹത്തെയാണ് ഫാര്‍മസിയുടെ നടത്തിപ്പിന്റെ ചുമതല അന്നു മുതല്‍ ഭരമേല്‍പ്പിച്ചത്. ഇറ്റാലിയന്‍ ഭാഷയില്‍ 'ഫത്തേബെ ഫ്രത്തേലി' അഥവാ നന്മ ചെയ്യുന്ന സഹോദരര്‍ എന്ന പേരിലും ഈ സമൂഹം അറിയപ്പെടുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സംബന്ധിക്കാനെത്തിയ ലോകമെമ്പാടും നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാര്‍ക്ക്, വത്തിക്കാന്‍ ഫാര്‍മസി നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തെയും സഹായങ്ങളെയും പരിശുദ്ധ പിതാവ് അനുസ്മരിച്ചു. കാലക്രമേണ, ഫാര്‍മസിയുടെ സേവനം വത്തിക്കാനിലെ ജീവനക്കാര്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും മാത്രമല്ല, മറ്റെങ്ങും ലഭിക്കാത്തതരം പ്രത്യേകമരുന്നുകള്‍ ആവശ്യമായവര്‍ക്കു വേണ്ടിക്കൂടി വ്യാപിപ്പിച്ചു. ഇന്ന്, ഫാര്‍മസിയുടെ സേവനം ലഭിക്കുന്നവരില്‍ 50 ശതമാനത്തിലധികം ആളുകള്‍ വത്തിക്കാന്‍ സിറ്റിക്ക് പുറത്തുനിന്നുള്ളവരാണ്.
സവിശേഷമായ പരസ്‌നേഹപ്രവൃത്തി
മറ്റുള്ള ഫാര്‍മസികളില്‍ നിന്നും വത്തിക്കാന്‍ ഫാര്‍മസിയെ വ്യത്യസ്തമാക്കുന്നത്, സവിശേഷമായ വിധത്തിലുള്ള അവരുടെ പരസ്‌നേഹപ്രവൃത്തികളാണെന്ന് പാപ്പ പറഞ്ഞു. പത്രോസിന്റെ പിന്‍ഗാമിക്കും റോമന്‍ കൂരിയയ്ക്കും മാത്രമായി അവരുടെ സേവനത്തെ
പരിമിതപ്പെടുത്താതെ, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും രോഗികളുമായവര്‍ക്കുകൂടി അത് സംലഭ്യമാക്കിയിരിക്കുന്നു. മരുന്നുകള്‍ മാത്രമല്ല അതോടൊപ്പം, പ്രത്യേകമായ ശ്രദ്ധയും ആശ്വാസവാക്കുകളും പുഞ്ചിരിയും സമ്മാനിച്ചുകൊണ്ടാണ് തങ്ങളെ സമീപിക്കുന്ന പ്രായം ചെന്നവരുള്‍പ്പെടെയുള്ള അനേകമാളുകളെ അവര്‍ ശുശ്രൂഷിക്കുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ക്ഷമ കെടാതെ ജോലി ചെയ്ത്, ധൈര്യവും ആശ്വാസവും പകര്‍ന്നു നല്‍കിയുള്ള അവരുടെ ശുശ്രൂഷ, സുവിശേഷത്തിന് നല്‍കുന്ന ഉത്തമ സാക്ഷ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
പാപ്പ തുടര്‍ന്നു: 'നിങ്ങള്‍ ചെയ്യുന്നത് ഒരു ജോലിയല്ല മറിച്ച്, ഒരു ദൗത്യമാണ്. നിങ്ങളുടെ ചെവികള്‍ കൊണ്ടാണ് നിങ്ങള്‍ ശുശ്രൂഷ ചെയ്യുന്നത്. ചിലപ്പോഴൊക്കെ അത് വിരസമായി തോന്നിയേക്കാം. എങ്കിലും ക്ഷമയോടെ വീണ്ടും വീണ്ടും കേള്‍ക്കുന്നതിലൂടെ, നിങ്ങളോട് സംസാരിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അദൃശ്യമായ തലോടല്‍ നിങ്ങള്‍ നല്‍കുന്നു.'
രോഗീശുശ്രൂഷ ദൈവശുശ്രൂഷ
അവസാനമായി, ക്രൂശിതരൂപത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി തങ്ങളുടെ ശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശുദ്ധ പിതാവ് വത്തിക്കാന്‍ ഫാര്‍മസി ജീവനക്കാരെ ഉദ്‌ബോധിപ്പിച്ചു. മുറിവേറ്റ ദൈവത്തിലേക്ക് നമ്മുടെ നോട്ടം തിരിക്കണം. അപ്പോള്‍ രോഗികള്‍ക്ക് നല്‍കുന്ന സേവനം ദൈവത്തിനുള്ള ശുശ്രൂഷയാക്കി മാറ്റാന്‍ സാധിക്കും. ക്ഷമയും ദയയും സ്‌നേഹത്തില്‍ തളരാതെ നിലനില്‍ക്കാനുള്ള ശക്തിയും സ്വര്‍ഗീയ ഭിഷഗ്വരനായ യേശുവില്‍ നിന്നാണ് നമുക്കു ലഭിക്കുന്നത് - പാപ്പ ഓര്‍മ്മപ്പെടുത്തി. അവന്റെ വിദ്യാലയത്തില്‍, കുരിശാകുന്ന മേശയില്‍ നിന്ന് ഫാര്‍മസിയിലെ കൗണ്ടര്‍ വരെ എല്ലാ ദിവസവും കാരുണ്യം വിതരണം ചെയ്യുന്നവരാകാന്‍ അവര്‍ക്കിടയാകട്ടെ എന്നാശംസിച്ചു കൊണ്ട് പാപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26