ട്രെബിള്‍ ട്രോഫി ടൂറിന് മുന്നോടിയായി വേമ്പനാട്ടു കായലിന്റെ മനോഹാരിത പങ്കുവച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ട്രെബിള്‍ ട്രോഫി ടൂറിന് മുന്നോടിയായി വേമ്പനാട്ടു കായലിന്റെ മനോഹാരിത പങ്കുവച്ച് മാഞ്ചസ്റ്റര്‍ സിറ്റി

തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കേരളത്തിന്റെ മനോഹാരിതയും. വേമ്പനാട്ടു കായലിന്റെ പശ്ചാത്തലത്തിലുള്ള ട്രെബിള്‍ ട്രോഫി ഇമേജാണ് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തത്.

ട്രെബിള്‍ ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായി ട്രോഫികള്‍ ഇന്ന് കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ചിത്രം പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് നേട്ടങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ട്രോഫികളാണ് ചിത്രത്തിലുള്ളത്. 'കൊച്ചിയിലെ വേമ്പനാട്ടു കായലില്‍ മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ട്രെബിള്‍ ട്രോഫി ടൂര്‍ നടത്തുന്നു' എന്നാണ് പോസ്റ്റ്. കായലിന്റെ സായാഹ്ന ഭംഗിക്കൊപ്പം കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ ഹൗസ് ബോട്ടും ചിത്രത്തിലുണ്ട്.

ലോകത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്ന് ട്രോഫികളുമായി കേരളത്തിലെത്തുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അത് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യാനും തയ്യാറായി എന്നത് വലിയ നേട്ടമാണ്.

പ്രകൃതിഭംഗി പോലെ തന്നെ ഫുട്‌ബോള്‍ ആരാധനയ്ക്കും പേരുകേട്ട നാടാണ് കേരളം. കേരളത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിരവധി ആരാധകരുണ്ട്. ഇംഗ്ലണ്ട് കേരള ടൂറിസത്തിന്റെ പ്രധാന വിപണികളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യല്‍ മീഡിയയിലൂടെ ഓണം ആശംസിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിന്റെ ചിത്രത്തിനൊപ്പമായിരുന്നു മലയാളത്തിലുള്ള ഈ ആശംസ.

പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ സോഷ്യല്‍ മീഡിയ പേജിലും കേരളം ഉള്‍പ്പെട്ടിരുന്നു. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജ് ആണ് ചെല്‍സി പോസ്റ്റ് ചെയ്തത്.

2023 ലെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രചാരണത്തിലും കേരള ടൂറിസം ഇടം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ ഫെയ്‌സ്ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ ചുണ്ടന്‍വള്ളം തുഴയുന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രമുള്ളത്.

ചിത്രം ഫെയ്‌സ്ബുക്കിലൂടെ കാണുവാനുള്ള ലിങ്ക്: https://www.facebook.com/photo/?fbid=877958310360672&set=a.826298618859975


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.