ന്യൂഡല്‍ഹി: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തികച്ചും ആഭ്യന്തരമാണെന്നും പാകിസ്ഥാന് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാനാകില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78ാം സെഷനില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കഖാര്‍ കശ്മീര്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതിയതിന് തൊട്ടടുത്ത ദിവസമാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങള്‍ നടത്തുന്നതിന് ഈ ഫോറം ദുരുപയോഗം ചെയ്യുന്നതിലൂടെ പാകിസ്ഥാൻ ഒരു സ്ഥിരം കുറ്റവാളിയായി മാറുകയാണെന്ന് ജനറല്‍ അസംബ്ലിയുടെ രണ്ടാമത്തെ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായ പെറ്റല്‍ ഗഹ്‌ലോട്ട് പ്രതികരിച്ചു. മനുഷ്യാവകാശത്തിലെ അപകടകരമായ സ്വന്തം റെക്കോര്‍ഡില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോര്‍ഡുകളുള്ള രാജ്യമാണ് പാകിസ്ഥാന്‍. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് പാകിസ്താന്‍ സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത് നന്നായിരിക്കുമെന്നും ഗഹ്‌ലോട്ട് പറഞ്ഞു. കഴിഞ്ഞ മാസം ഫൈസലാബാദ് ജില്ലയില്‍ ക്രിസ്ത്യന്‍ പളളികളും വീടുകളും അക്രമിച്ച സംഭവത്തെക്കുറിച്ചും അസംബ്ലിയില്‍ ഗഹ്‌ലോട്ട് ഉന്നയിച്ചു.
അയല്‍ രാജ്യങ്ങള്‍ക്കിടയിലെ സമാധാനത്തിന്റെ താക്കോലാണ് കശ്മീര്‍ എന്നായിരുന്നു കഖാറിന്റെ പരാമര്‍ശം. ഇന്ത്യ അടക്കമുളള അയല്‍ രാജ്യങ്ങളോട് സമാധാനപരവും ഉല്‍പ്പാദനപരവുമായ ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ അനധികൃത അധിനിവേശത്തെയും കഖാര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാനെ വിമര്‍ശിച്ച് കൊണ്ട് ഇന്ത്യയും രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.