തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്.സി. നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്സിങ്ങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
നഴ്സിങ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. 
2023 ഒക്ടോബര്‍ 31 വരെ നഴ്സിങ് വിഭാഗങ്ങളില്‍ അഡ്മിഷന്‍ നടത്താന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അനുമതി നല്‍കി. സ്വാശ്രയ മാനേജ്മെന്റുകളുടെ അഭ്യര്‍ത്ഥനയും, പുതിയ കോളജുകള്‍ ആരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ മേഖലയില്‍ 760 പുതിയ ബി.എസ്.സി നഴ്സിങ് സീറ്റുകള്‍ ഈ വര്‍ഷം വന്നതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അഡ്മിഷന്‍ എടുത്തിട്ടുള്ള കുട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍, സിമെറ്റ്, സി-പാസ്, മാനേജ്മെന്റ് കോളജുകളിലേയ്ക്ക് ഓപ്ഷന്‍ മുഖേന മാറുന്നതിന് അവസരം നല്‍കാനും തീരുമാനമായി.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിങ് കോളജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളജുകള്‍ ആരംഭിക്കുന്നു. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്സിങ് കോളജിന് അനുമതി നല്‍കിയിട്ടുണ്ട്.
നഴ്സിങ് മേഖലയില്‍ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022 ല്‍ 8254 സീറ്റുകളായും 2023 ല്‍ 9821 സീറ്റുകളായും വര്‍ധിപ്പിച്ചു. 2021 വരെ സര്‍ക്കാര്‍ മേഖലയില്‍ 435 ബി.എസ്.സി. നഴ്സിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.