പൗരോഹിത്യ വിളി ഫ്രാൻസിസ് മാർപാപ്പ തിരിച്ചറിഞ്ഞിട്ട് എഴുപതു വർഷം; ദൈവ കരുണയുടെ ആഴമായ അനുഭവം പാപ്പ പങ്കുവെക്കുന്നു

പൗരോഹിത്യ വിളി ഫ്രാൻസിസ് മാർപാപ്പ തിരിച്ചറിഞ്ഞിട്ട് എഴുപതു വർഷം; ദൈവ കരുണയുടെ ആഴമായ അനുഭവം പാപ്പ പങ്കുവെക്കുന്നു

ജോസ് വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ പൗരോഹിത്യത്തിലേക്കുള്ള തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞിട്ട് ഈ സെപ്റ്റംബർ 21-ന്, എഴുപതു വർഷം പൂർത്തിയായി. ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പായി, യാദൃശ്ചികമായി നടത്തിയ ഒരു കുമ്പസാരത്തിന്റെ അവസരത്തിലാണ് ജോർജ് മാരിയോ ബെർഗോഗ്ലിയോ എന്ന പതിനേഴുകാരന് ദൈവകരുണയുടെ ആഴമായ അനുഭവം ഉണ്ടായതും അതേ തുടർന്ന്, ഒരു വൈദികനാവുക എന്ന ജീവിതത്തിലെ നിർണായക തീരുമാനം എടുക്കുന്നതും. 1953 സെപ്റ്റംബർ 21-ാം തീയതിയായിരുന്നു അത്. ആഗോള സഭയിൽ വിശുദ്ധ മത്തായിയുടെ തിരുനാൾ ആഘോഷിക്കുന്ന ദിവസം കൂടിയാണ് അന്ന്.

അഞ്ചു വർഷങ്ങൾക്കുശേഷം, 1958 മാർച്ച് 11 ന് അദ്ദേഹം ഈശോസഭയുടെ നൊവിഷ്യേറ്റിൽ ചേർന്നു. തന്റെ മുപ്പത്തിമൂന്നാമത്തെ ജന്മദിനത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, 1969 ഡിസംബർ 13-ന് അദ്ദേഹം ഒരു വൈദികനായി അഭിഷിക്തനായി.

ചുങ്കക്കാരനായിരുന്ന മത്തായിയെ യേശു വിളിച്ച് അപ്പസ്തോലഗണത്തിൽ ചേർത്ത സംഭവത്തോടു ബന്ധപ്പെടുത്തി തൻ്റെ ദൈവവിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 2013-ലെ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ജാഗരണ ശുശ്രൂഷയിൽ പാപ്പ അതേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അന്ന് പാർട്ടിക്ക് പോകുന്നതിനു മുമ്പ്, എൻ്റെ ഇടവക ദേവാലയത്തിന് മുൻപിലൂടെ കടന്നുപോയപ്പോൾ, അപരിചിതനായ ഒരു വൈദികൻ അവിടെ നിൽക്കുന്നതു കാണുകയുണ്ടായി.

അദ്ദേഹത്തെ സമീപിക്കാനും കുമ്പസാരിക്കാനുമുള്ള ഒരു ഉൾപ്രേരണയും ആ നിമിഷം തന്നെ എനിക്കുണ്ടായി. പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ വ്യക്തമായി ഓർക്കുന്നില്ലെങ്കിലും, ദീർഘനേരമായി എനിക്കുവേണ്ടി കാത്തിരിക്കുന്ന ഒരാളെപ്പോലെയാണ് ആ വൈദികനെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. കുമ്പസാരത്തിനു ശേഷം പുതിയ ഒരാളായി മാറിയതുപോലെ എനിക്ക് അന്ന് അനുഭവപ്പെട്ടു. എന്റെ ഉള്ളിൽ, ഒരു സ്വരം ഞാൻ കേട്ടു. ഭാവിയിൽ ഒരു വൈദികനാകണമെന്നുള്ള വിളിയാണ് അതെന്ന് എനിക്ക് അന്ന് ബോധ്യപ്പെട്ടു. പാപ്പ തുടർന്നു; വിശ്വാസജീവിതത്തിൽ ഇപ്രകാരമുള്ള അനുഭവങ്ങൾ പ്രാധാനപ്പെട്ടാതാണ്. നാം ദൈവത്തെ തേടുമ്പോൾ, പാപമോചനത്തിനായി അവിടുത്തെ സമീപിക്കുമ്പോൾ, അതിനുമുമ്പേ തന്നെ നമുക്കായി കാത്തിരിക്കുന്ന ഒരു ദൈവത്തെയാണ് നമുക്കു കാണാൻ സാധിക്കുക. നാം പാപികളാണെങ്കിലും, നമ്മുടെ പാപങ്ങൾ ക്ഷമിക്കാനാണ് അവിടുന്ന് എപ്പോഴും കാത്തിരിക്കുന്നത്.

ദൈവകരുണയുടെ അനുഭവത്തിൽ നിന്നാണ് തൻ്റെ ദൈവവിളി രൂപപ്പെട്ടതെന്ന് പാപ്പ അനുസ്മരിച്ചു. അതിനാൽതന്നെ, വിശുദ്ധ ബീഡിന്റെ മത്തായി ശ്ലീഹായെ കുറിച്ചുള്ള ഒരു പ്രസംഗത്തിൽ നിന്നെടുത്ത 'കരുണ തോന്നി അവനെ വിളിച്ചു' (Miserando atque eligendo) എന്ന വാക്കുകളാണ് തന്റെ ശുശ്രൂഷയുടെ ആപ്തവാക്യമായി പാപ്പ സ്വീകരിച്ചിരിക്കുന്നത്. 'ചുങ്കക്കാരനായ മത്തായിയെ, യേശു കരുണയുടെ കണ്ണുകളിലൂടെ നോക്കി, തന്നെ അനുഗമിക്കാനായി വിളിച്ചു' (വി. ബീഡിന്റെ പ്രസംഗങ്ങൾ)

വിശുദ്ധ മത്തായിയുടെ വിളിയും തന്റെ ദൈവവിളിയുമായി ബന്ധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. വിശുദ്ധ മത്തായിയെ വിളിക്കുന്ന രംഗം ചിത്രീകരിച്ചിരിക്കുന്ന, വിഖ്യാത കലാകാരൻ മൈക്കിൾ ആഞ്ചലോയുടെ പെയിന്റിംഗ്, പരിശുദ്ധ പിതാവ് താല്പര്യത്തോടെ വീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഒരു കൈ പണസഞ്ചിയിലും മറുകൈ 'ഞാനോ' എന്ന ചോദ്യഭാവത്തിൽ തന്റെ നേർക്കു തന്നെ ചൂണ്ടിയുമാണ് ചുങ്കസ്ഥലത്തിരിക്കുന്ന മത്തായിയെ അതിൽ ചിത്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ വിരൽ മത്തായിയുടെ നേർക്കും ചൂണ്ടിയിരിക്കുന്നു.

റോമിലെ സാൻ ലൂയി ദെയി ഫ്രാൻസ്

ദേവലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ പെയിന്റിംഗിനെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് ഒരിക്കൽ പപ്പാ ഇങ്ങനെ പറഞ്ഞു: ഞാനും മത്തായിയെ പോലെ തന്നെയാണ്. ചിത്രത്തിലുള്ള മത്തായിയുടെ ശരീരഭാഷ തന്നെയായിരുന്നു എന്റേതും. ഒരു കൈ കൊണ്ട് പണസഞ്ചിയിൽ അവൻ മുറുകെ പിടിച്ചിരിക്കുന്നു.

മറുകൈ 'ഞാനോ' എന്ന ഭാവത്തിൽ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നു. അതെ, ഞാനും അങ്ങനെ തന്നെയായിരുന്നു. പാപ്പാസ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള എൻ്റെ സമ്മതം അവർ ചോദിച്ചപ്പോൾ എനിക്കും ഇതുതന്നെയാണ് അനുഭവപ്പെട്ടത്. പാപിയായ എനിക്കു നേരെ വിരൽചൂണ്ടി നിൽക്കുന്ന കർത്താവിനെയാണ് ഞാൻ അന്ന് അവരിൽ കണ്ടത്.....( 2013 ഓഗസ്റ്റ് 19-ന്, അന്തോണിയോ സ്പദാരോ എസ്.ജെ. യുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.