സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത് ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനെന്ന് മുഖ്യമന്ത്രി

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത് ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ.ജി ജോര്‍ജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സമൂഹഘടനയും വ്യക്തിമനസുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേര്‍തിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെ.ജി ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദന നിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയര്‍ത്തിയെന്നും ജനങ്ങള്‍ക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല.
മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ.ജി ജോര്‍ജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സ്വപ്നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമയില്‍ തന്റെ ഇടമുറപ്പിച്ച സംവിധായകനാണ് കെ.ജി. ജോര്‍ജെന്നും അദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകള്‍ക്ക് ശേഷവും മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്നവയാണെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറും അനുശോചിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.