ഷാർജ: കേരളത്തിലേക്ക് യു.എ.ഇയിൽനിന്ന് പാസഞ്ചർ കപ്പൽ സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. അഡ്വ. എ.എം. ആരിഫ് എം.പിയോടൊപ്പം അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ആവശ്യത്തോട് മന്ത്രി വളരെ ക്രിയാത്മകമായി പ്രതികരിച്ചുവെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് കപ്പൽ സർവിസ് നടത്തുന്നതിന് പ്രധാനമന്ത്രിക്ക് പ്രത്യേക മെമ്മോറാണ്ടവും സംഘം സമർപ്പിച്ചു. 18 എം.പിമാർ അഭ്യർഥനയെ പിന്തുണച്ച് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഡോ. ശശി തരൂർ, കെ. മുരളീധരൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, ശ്രീകണ്ഠൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, അഡ്വ. എ.എം. ആരിഫ് എന്നിവരുൾപ്പെടെ ഒപ്പുവെച്ച നിവേദനമാണ് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയത്.
നോർക്കയുടെ പിന്തുണയോടെ കേരള മാരിടൈം ബോർഡ് (കെ.എം.ബി), മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജയാണ് കപ്പൽ സർവിസ് ആരംഭിക്കുന്നതിന് ശ്രമം നടത്തുന്നത്. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചാൽ, 2023 നവംബറോടെ സർവിസ് ട്രയൽ റൺ ആരംഭിക്കാനാകുമെന്ന് നേരത്തെ ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.