ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ജയം എങ്ങനെ തടയണമെന്ന് പഠിച്ചു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ തങ്ങളുടെ ആശയ രൂപീകരണങ്ങളിലെ ശ്രദ്ധ തെറ്റിച്ചിരുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോള്‍ പഠിച്ചു. 2024 ല്‍ ബിജെപി ആശ്ചര്യപ്പെടുമെന്നും ഡല്‍ഹിയില്‍ ഒരു മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലെ വിജയത്തില്‍ നിന്ന് ചില പ്രധാന കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അത് മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പിലാക്കും. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, രാജസ്ഥാനില്‍ വിജയത്തിനരികെയാണെന്നും തെലങ്കാനയില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.
'ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്തെ വ്യവസായികളോട് ചോദിച്ചു നോക്കൂ. ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചെക്ക് എഴുതി നല്‍കിയാല്‍ എന്താണ് സംഭവിക്കുക? ഞങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് മാധ്യമങ്ങളുടെ ആക്രമണം മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്.
എങ്കിലും ഞങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടല്ല പോരാട്ടം. ഇന്ത്യ എന്ന ആശയത്തെ എതിര്‍ക്കുന്ന ഭരണകൂടത്തിനെതിരായിട്ടാണ് പോരാട്ടം. അതുകൊണ്ടാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയത്'- രാഹുല്‍ പറഞ്ഞു.
ഇതിന് മുമ്പ് ഇതേപോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ ഏറെ മതിപ്പ് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.