നാല് ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം; ലക്ഷ്യം കോട്ടയത്തിനൊപ്പം ഇടുക്കിയോ, പത്തനംതിട്ടയോ

നാല് ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം; ലക്ഷ്യം കോട്ടയത്തിനൊപ്പം ഇടുക്കിയോ, പത്തനംതിട്ടയോ

കോട്ടയം: ഇടതു  മുന്നണിയിലെത്തിയ ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം. കോട്ടയത്ത് നടന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര എന്നിവയില്‍ ഏതെങ്കിലും മൂന്ന് സീറ്റുകള്‍ കൂടി ആവശ്യപ്പെടും. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ സിപിഎം നേതാക്കളോട് നേരത്തേ പറഞ്ഞിരുന്നു. സീറ്റുകള്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതി തീരുമാനം.

കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് കോട്ടയത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയടക്കം ചൂണ്ടിക്കാട്ടി നാല് സീറ്റെന്ന ആവശ്യം ഇടതുപക്ഷം തള്ളുമെന്ന ആശങ്കയുമുണ്ട്. അങ്ങനെയെങ്കില്‍ കോട്ടയം കൂടാതെ ഇടുക്കിയോ, പത്തനംതിട്ടയോ വാങ്ങിയെടുക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശ്രമം.

മന്ത്രിസഭാ പുനസംഘടനയില്‍ രണ്ടാം മന്ത്രി സ്ഥാനമെന്ന ആവശ്യവും ശക്തമാക്കും. സോളാര്‍ പരാതിക്കാരിയുടെ വിവാദ കത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പേര് ഉള്‍പ്പെടുത്താന്‍ ഇടപെട്ട ഗണേഷ് കുമാറിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കും. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തില്‍ മുന്നണിയില്‍ എതിര്‍പ്പ് അറിയിക്കാനും ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.