കോട്ടയത്ത് പി.ജെ ജോസഫ് തന്നെ അങ്കത്തിനിറങ്ങുമെന്ന് സൂചന; ഫ്രാന്‍സിസ് ജോര്‍ജിന്റെയും പി.സി തോമസിന്റെയും പേരുകളും പരിഗണനയില്‍

കോട്ടയത്ത്  പി.ജെ ജോസഫ് തന്നെ അങ്കത്തിനിറങ്ങുമെന്ന് സൂചന; ഫ്രാന്‍സിസ് ജോര്‍ജിന്റെയും പി.സി തോമസിന്റെയും പേരുകളും പരിഗണനയില്‍

ജോസഫിനെതിരെ ജോസ് വരുമോ?

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുക്കാന്‍ യുഡിഎഫില്‍ ധാരണയായതോടെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് തന്നെ അങ്കത്തിനിറങ്ങുമെന്ന് സൂചന.

മുഖ്യ എതിരാളി ജോസ് കെ. മാണി വിഭാഗത്തില്‍ നിന്നായതിനാല്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പി.ജെ ജോസഫ് തന്നെ രംഗത്തിറങ്ങണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ജോസഫ് ഗ്രൂപ്പില്‍ നിന്നും ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് യുഡിഎഫും ആഗ്രഹിക്കുന്നു.

പി.ജെ ജോസഫിനും മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റില്‍ മകന്‍ അപ്പു ജോസഫിനെ മല്‍സരിപ്പിക്കാനാണ് അദേഹത്തിന് താല്‍പര്യം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് പി.ജെ ജോസഫ് മല്‍സരിക്കാനുളള എല്ലാ സാധ്യതയും ഉരുത്തിരഞ്ഞ് വന്നതാണ്.

എന്നാല്‍ അവസാന നിമിഷം കെ.എം മാണി ജോസഫിനെ കാലുവാരി എന്നാണ് ആരോപണം. അതേ തുടര്‍ന്നുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗവും തമ്മില്‍ അകന്നതും മാണി വിഭാഗം യുഡിഎഫ് വിട്ടതും.

പി.ജെ ജോസഫ് അല്ല മത്സരിക്കുന്നതെങ്കില്‍ മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജോ പി.സി തോമസോ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ശക്തമാണ്.

അതേസമയം പി.ജെ ജോസഫ് മത്സരത്തിന് ഇറങ്ങിയാല്‍ സമുദായിക വോട്ടുകള്‍ കൂടുതലായി പെട്ടിയിലാകുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. പാര്‍ട്ടി ചെയര്‍മാന്‍ തന്നെ ഇറങ്ങിയാല്‍ പാര്‍ട്ടിയിലും മുന്നണിയിലും മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

യുഡിഎഫ് പി.ജെ ജോസഫിനെ ഇറക്കിയാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണി വരുമോ എന്നാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. ജോസ് മത്സരിക്കണമെന്ന താല്‍പര്യം എല്‍ഡിഎഫ് നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പാലായില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണം ജോസ് കെ മാണിക്കുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച് വിജയിച്ചാല്‍ അത് ജോസിനെ സംബന്ധിച്ച് ശക്തമായ പകരം വീട്ടലാകും.

എന്നാല്‍ ജോസ് കെ. മാണി സംസ്ഥാനത്ത് തന്നെ തുടരണമെന്നതാണ് പാര്‍ട്ടിയിലെ തീരുമാനമെങ്കില്‍ നിലവിലെ എംപിയായ തോമസ് ചാഴിക്കാടന്‍ തന്നെയായിരിക്കും എല്‍ഡിഎഫിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങുക.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി തോമസ് ചാഴിക്കാടനായിരുന്നു മത്സരിച്ചത്. അന്ന് ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു ചാഴിക്കാടന്‍ മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 4,21,046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന് 3,14,787 വോട്ടുകളായിരുന്നു നേടാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.