ക്രിക്കറ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് സ്വര്‍ണം നേടി ഇന്ത്യന്‍ പെണ്‍പട; ചരിത്ര നേട്ടം ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റത്തില്‍

ക്രിക്കറ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് സ്വര്‍ണം നേടി ഇന്ത്യന്‍ പെണ്‍പട; ചരിത്ര നേട്ടം ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റത്തില്‍

ഹാങ്ചൗ: പത്തൊമ്പതാമത് ഏഷ്യൻ ​ഗെയിംസിൽ വനിതകളുടെ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ ഇന്ത്യ 20 ഓവറിൽ 116-7, ശ്രീലങ്ക 20 ഓവറിൽ 97-8. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമാണിത്. സ്വർണം നേടിയ ഇന്ത്യൻ വനിതാ സംഘത്തിൽ മലയാളി താരം മിന്നുമണിയും അംഗമാണ്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം രണ്ടായി.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടൈറ്റസ് സന്ധുവാണ് ശ്രീലങ്കയെ തകർത്തത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീണതോടെ അവർ സമ്മർദ്ദത്തിലാവുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും അവർക്ക് തിരിച്ചു വരാനായില്ല. രാജേശ്വരി ഗെയ്ക്വാദ് രണ്ടുവിക്കറ്റോടെ സന്ധുവിന് അകമഴിഞ്ഞ പിന്തുണ നൽകി. പൂജ വസ്ത്രകർ, ദീപ്തി ശർമ്മ, ദേവിക വൈദ്യ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കം തിരിച്ചടിയോടെയായിരുന്നു. നാലാം ഓവറിൽ ഷഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്താണ് താരത്തെ സുഗന്ധിക കുമാറാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു.

ടീം സ്‌കോർ 89 ൽ നിൽക്കേ 46 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടിറങ്ങിയ റിച്ച ഘോഷ് (9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകർ(2) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. 42 റൺസെടുത്ത ജെമീമ റോഡ്രിഗസാണ് സ്മൃതി മന്ദാനക്കൊപ്പം ഇന്ത്യൻ നിരയിൽ തിളങ്ങിയ താരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.