'ഇന്ത്യയെ വിഭജിച്ച് സിഖ് രാഷ്ട്രം': ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ ലക്ഷ്യം വെളിപ്പെടുത്തി എന്‍.ഐ.എ

 'ഇന്ത്യയെ വിഭജിച്ച് സിഖ് രാഷ്ട്രം':  ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ ലക്ഷ്യം വെളിപ്പെടുത്തി എന്‍.ഐ.എ

ന്യൂഡല്‍ഹി: ഇന്ത്യയെ വിഭജിക്കാനായിരുന്നു ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ലക്ഷ്യമിട്ടതെന്ന് എന്‍.ഐ.എ. സ്വതന്ത്ര ഖാലിസ്ഥാന്‍ രാഷ്ട്രത്തിന് വേണ്ടിയായിരുന്നു പന്നൂനിന്റെ പ്രവര്‍ത്തനങ്ങള്‍. യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും എന്‍.ഐ.എ വെളിപ്പെടുത്തി.

ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന രീതിയിലുള്ള നിരവധി സന്ദേശങ്ങളാണ് ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്ത് ഭീതി വിതച്ചതിന് 2019 മുതല്‍ ഇയാള്‍ എന്‍.ഐ.എയുടെ നോട്ടപ്പുള്ളിയാണ്. കഴിഞ്ഞാഴ്ചയാണ് പന്നൂനിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും സ്വത്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയത്.

തന്റെ ആശയങ്ങളുടെ പ്രചാരണാര്‍ഥം സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയും പന്നൂന്‍ രൂപീകരിച്ചിരുന്നു. 2019 ല്‍ ഈ സംഘടന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 2020 ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നൂനിനെ ഭീകരനായി പ്രഖ്യാപിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ വിവരങ്ങളില്ലെന്ന് കാണിച്ച് ഇന്റര്‍പോള്‍ തള്ളി.

അടുത്തിടെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പന്നൂന്‍ ഭീഷണിപ്പെടുത്തി. സുരക്ഷ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യദ്രോഹ കുറ്റമടക്കം 16 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.