ക്രൈസ്തവ  സന്യാസിനികൾക്ക് നേരെയുള്ള സൈബർ ആക്രമണം - പരാതികളിൽ മുഖ്യമന്ത്രി ഇടപെടണം: കെ സി ബി സി

ക്രൈസ്തവ  സന്യാസിനികൾക്ക് നേരെയുള്ള സൈബർ ആക്രമണം - പരാതികളിൽ മുഖ്യമന്ത്രി ഇടപെടണം: കെ സി ബി സി

കൊച്ചി: കേരളസമൂഹത്തിൽ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങൾക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാർത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തിൽ പ്രവർത്തന നിരതരായ നാൽപതിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാർ. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവർത്തനങ്ങൾ എങ്കിലും, വളരെയേറെ അവഹേളനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും, നേരിട്ടും അവർ ഇക്കാലങ്ങളിൽ നേരിടുന്നു. കഴിഞ്ഞ ചില വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ സന്യസ്തർക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങളാണ് അതിന്റെ പ്രധാന കാരണം. ഇക്കാരണങ്ങളാൽ പൊതുസമൂഹവും കടുത്ത തെറ്റിദ്ധാരണകളിൽ അകപ്പെടുന്നു എന്ന് മനസിലാക്കിയതിനാൽ ചില സാഹചര്യങ്ങളിലെങ്കിലും നിയമ നടപടികൾ സ്വീകരിക്കാന്‍ സഭാനേതൃത്വവും, സന്യസ്ത സമൂഹങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കപ്പെടുകയുണ്ടായിട്ടില്ല.

സമീപകാലത്ത്, തന്റെ യൂട്യൂബ് ചാനലിലൂടെ സാമുവൽ കൂടൽ എന്ന വ്യക്തി അശ്ലീല ഭാഷയിൽ സന്യാസിനിമാരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തി കൊണ്ടും വാസ്തവ-വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചു കൊണ്ടും നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 'വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ' എന്ന് പ്രസ്താവിച്ചു കൊണ്ട് അയാൾ ഒരു വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും, പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിലുമായി നൂറ്റിയറുപതോളം പരാതികൾ സന്യസ്തർ നൽകിയെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയുമുണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാൻ ശ്രമിച്ചിട്ടുള്ള സന്യസ്തർക്കും, അവർക്ക് വേണ്ടി മുന്നിട്ടിറങ്ങിയവർക്കും സമാനമായ അനുഭവങ്ങളാണ് മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ളത്.  

ഇത്തരം ക്രൂരമായ അവഗണനകൾ സന്യസ്ത്തർക്ക് നേരെ പതിവായിരിക്കുന്നതിൽ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, സന്യാസിനിമാർ നൽകിയിട്ടുള്ള പരാതികൾക്കുമേൽ സത്വരമായ നടപടികൾ സ്വീകരിക്കുകയും വേണം. കേരളസമൂഹം മുഴുവന്‍ ആദരിക്കുകയും വിലമതിക്കുകയും

ചെയ്യുന്ന സന്യസ്തർക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമ സംവിധാനങ്ങളിൽ മാറ്റം വരുത്താൻ ശക്തമായ ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും താമസംവിനാ ഉണ്ടാവണമെന്നും കെസിബിസി പ്രസിഡണ്ട്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഫാ.ജേക്കബ് ജി പാല്ക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗിക വക്താവ് , കെ സി ബി സി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.