ചട്ടവിരുദ്ധമായി വായ്പകള്‍; തൃശൂര്‍ ബാങ്കിലും കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്നെന്ന് ഇഡി

 ചട്ടവിരുദ്ധമായി വായ്പകള്‍; തൃശൂര്‍ ബാങ്കിലും കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്നെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതിന് സമാനമായ തട്ടിപ്പുകള്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി വിലയിരുത്തല്‍.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണനെ കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കൂടിയാണ് കണ്ണന്‍. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്ത്, കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ ജില്‍സ് എന്നിവരെയും തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ നിന്നും നല്‍കിയതു പോലെ തൃശൂര്‍ സഹകരണ ബാങ്കില്‍ നിന്നും ചട്ടവിരുദ്ധമായി വായ്പകള്‍ നല്‍കിയത് കണ്ടെത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് ഒരു വ്യക്തിക്ക് 50 ലക്ഷം രൂപയിലധികം വായ്പ നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍, കരുവന്നൂരില്‍ വ്യക്തികള്‍ക്ക് മൂന്നും നാലും കോടി രൂപ വായ്പയായി നല്‍കിയതായാണ് കണ്ടെത്തല്‍. സമാനമായ ചട്ടലംഘനമാണ് തൃശൂര്‍ സഹകരണ ബാങ്കിലും കണ്ടെത്തിയിരിക്കുന്നത്. വായ്പകള്‍ ബിനാമികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന് തൃശൂര്‍ സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. സതീഷ്‌കുമാറുമായി ബന്ധമുള്ള തൃശൂര്‍ ഗോസായിക്കുന്നിലെ എസ്.ടി ജൂവലറിക്കും അക്കൗണ്ട് ഉണ്ട്. ഇത്തരം അക്കൗണ്ടുകളെല്ലാം ബിനാമി ഇടപാടുകള്‍ക്ക് വേണ്ടിയായിരുന്നെന്നാണ് ഇ.ഡി ആരോപണം. സതീഷ്‌കുമാറുമായി ബന്ധപ്പെട്ട് ബാങ്കില്‍ ഒട്ടേറെ ബിനാമി അക്കൗണ്ടുകള്‍ വേറെയുമുണ്ടെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ഇ.ഡി അറിയിച്ചു. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത രേഖകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.