കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞിട്ടും പരിശോധനകളും പഠനങ്ങളും ഏറെ നടന്നിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മരുതോങ്കരയിലേയും പരിസര പ്രദേശങ്ങളിലേയും വവ്വാലുകളും പന്നിയും ആടും പട്ടിയും പൂച്ചയും അടക്കയും റമ്പൂട്ടാനുമെല്ലാം തന്നെയാണ് നിലവിലും പ്രതിസ്ഥാനത്ത് ഉള്ളത്.
അതേസമയം ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ വവ്വാലിന് ആശ്വസിക്കാം. ഇവയുടെ 42 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. എന്നാല്‍ അവിടെയും സംശയങ്ങളും ചോദ്യങ്ങളും ബാക്കിയാണ്.
പ്രധാന വൈറസ് വാഹകര്‍ വവ്വാലാണെന്നിരിക്കെ ഒരു പ്രദേശത്തെ എല്ലാ വവ്വാലുകള്‍ക്കും വൈറസ് ബാധ ഉണ്ടാകുമോ, വൈറസ് പുറത്ത് വന്നത് ഒരു വവ്വാലില്‍ നിന്നാണെങ്കില്‍ ആ സസ്തനി സാമ്പിള്‍ ശേഖരിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ, രോഗബാധയേറ്റയാള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകള്‍ എത്രത്തോളം ഫലവത്താകണം എന്നീ സംശയങ്ങള്‍ ഉയരുന്നതുകൊണ്ട് തന്നെ പഠനവും പരിശോധനയും സൂക്ഷ്മമായി തുടരേണ്ടതുണ്ട്.
വവ്വാലുകളില്‍ നിന്ന് മറ്റ് മൃഗങ്ങള്‍ വഴിയോ അല്ലെങ്കില്‍ വവ്വാലുകളുടെ ഉമിനീരില്‍ നിന്നോ കാഷ്ഠം വഴിയോ വൈറസ് ബാധയേല്‍ക്കാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 2018 ല്‍ കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അഭ്യൂഹങ്ങളും ആകാംക്ഷയും ഒരുപാട് നീണ്ടു നിന്നതാണ്. ഒടുവില്‍ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ആയിരുന്ന ഹര്‍ഷവര്‍ധന്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് പ്രഖ്യാപിച്ചത്. മാസങ്ങള്‍ കഴിഞ്ഞുള്ള ഈ വെളിപ്പെടുത്തല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ ആധികാരികത മന്ത്രിക്ക് ലഭിച്ചു എന്ന പേരിലായിരുന്നു. അതില്‍ കൂടുതലൊന്നും പുറം ലോകം പിന്നീട് അറിഞ്ഞില്ല.
രോഗം മനുഷ്യരിലേക്ക് പകര്‍ന്നത് എങ്ങനെയെന്ന് അറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രോഗ പകര്‍ച്ചക്കുള്ള കാരണം വ്യക്തമായാലേ കാര്യക്ഷമമായി പ്രതിരോധിക്കാനാകൂ. ഇല്ലെങ്കില്‍ വരും വര്‍ഷങ്ങളിലും നിപ ആശങ്കയായി തുടരും. സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളുടെ സാമ്പിളെടുത്ത് പരിശോധന പ്രക്രിയയാണ് നിലവില്‍ തുടരുന്നത്.
നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. അതുകൊണ്ടു തന്നെ വാറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നിപ പടരുന്നത് അടക്കയില്‍ നിന്നാണെന്നും അതിനാല്‍ ആരും അടക്ക കൈകൊണ്ട് സ്പര്‍ശിക്കരുത് എന്നുമാണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്നത്. 'പ്രധാനമന്ത്രി നരേന്ദ്ര മോഡി' എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രചാരണം. മലയാളത്തിലാണ് പോസ്റ്റ്.
സഹോദരങ്ങളെ... ഷെയര്‍ പ്ലീസ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. പോസ്റ്റിലെ വിശദീകരണം ഇങ്ങനെ. 'വവ്വാല്‍ കടിക്കുന്ന അടക്കയില്‍ നിന്നാണ് നിപ്പ വൈറസ് പകരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മരുതോങ്കരയിലെ നിപ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെ അടക്ക പരിശോധിച്ചപ്പോള്‍ വൈറസ് സാന്നിധ്യം കണ്ടെത്തി ഒരു കാരണവശാലും അടക്ക എടുക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത് എല്ലാവരിലേക്കും ഈ മെസേജ് എത്തിക്കുക'. ഇത്രയുമാണ് പോസ്റ്റിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.