ഏഴ് അമേരിക്കൻ നിവാസികളിൽ ഒരാൾ വിദേശി: ജനസംഖ്യയുടെ 13.9 ശതമാനം പേരും കുടിയേറ്റക്കാർ

ഏഴ് അമേരിക്കൻ നിവാസികളിൽ ഒരാൾ വിദേശി: ജനസംഖ്യയുടെ 13.9 ശതമാനം പേരും കുടിയേറ്റക്കാർ

ന്യൂയോർക്ക്: അമേരിക്കയിലെ 33 കോടി വരുന്ന ജനസംഖ്യയിൽ 13.9 ശതമാനം പേരും കുടിയേറ്റക്കാരാണെന്ന് റിപ്പോർട്ട്. യുഎസ് സെൻസസ് ബോർഡ് അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് ജനസംഖ്യയുടെ 13.9 ശതമാനം പേരും നിയമപരമായും നിയമ വിരുദ്ധമായും യുഎസിലേക്ക് കുടിയേറിയവരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മുൻ വർഷം ഈ അനുപാതം 13.6 ശതമാനം ആയിരുന്നു. അതായത് ഏഴ് യുഎസ് നിവാസികളിൽ ഒരാൾ വിദേശിയാണെന്നാണ് റിപ്പോർട്ട്. അമേരിക്കൻ കമ്മ്യൂണിറ്റി സർവേയുടെ (ACS-2022) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ യുഎസിൽ വിദേശികളായവരുടെ ജനസംഖ്യ 2022 ജൂലൈയിൽ 4.61 കോടി ആയിരുന്നു. മുൻവർഷത്തെ 4.52 കോടിയിൽ നിന്ന് ഏകദേശം രണ്ട് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2022ലെ മൊത്തം ഇമിഗ്രേഷൻ എണ്ണത്തിന്റെ ആറ് ശതമാനം വീതം ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരാണെന്നാണ് റിപ്പോർട്ട്. 2022 ലെ സെൻസസ് പ്രകാരം യുഎസിലെ ഇന്ത്യക്കാരുടെ എണ്ണം 28.4 ലക്ഷമായിരുന്നു. മുൻ വർഷത്തെ 27.09 ലക്ഷത്തിൽ നിന്ന് 4.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ചൈനീസ് കുടിയേറ്റക്കാരുടെ എണ്ണമാകട്ടെ 79,000 വർദ്ധിച്ച് 28.3 ലക്ഷത്തിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റത്തിൽ മെക്‌സിക്കക്കാരാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ മുൻവർഷത്തെ കണക്കിൽ നിന്ന് ഒരു ശതമാനത്തിൽ താഴെ കുറവുണ്ടായിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്നും വെനസ്വേലയിൽ നിന്നുമുള്ളവരുടെ എണ്ണം യഥാക്രമം 4.07 ലക്ഷവും 6.7 ലക്ഷവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.