അശ്വാഭ്യാസത്തില്‍ 41 വര്‍ഷത്തിനു ശേഷം സുവര്‍ണചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

അശ്വാഭ്യാസത്തില്‍ 41 വര്‍ഷത്തിനു ശേഷം സുവര്‍ണചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ. അശ്വാഭ്യാസ പ്രകടനത്തിന്റെ ഡ്രെസേജ് (equestrian dressage category) ഇനത്തിലാണ് ഇന്ത്യന്‍ വനിതകള്‍ പുതിയ ചരിത്രം എഴുതിയത്. 41 വര്‍ഷത്തിനു ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

അനുഷ അഗര്‍വാലാ, സുദീപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ചേദ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്നത്. ഈ ഇനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വര്‍ണമെഡല്‍ ആണിത്.

ഇന്ത്യ ഇവന്റില്‍ 209.205 പോയിന്റ് സ്‌കോര്‍ ചെയ്ത് ഒന്നാമതെത്തിയപ്പോള്‍ ഫേവറിറ്റുകളായ ചൈന രണ്ടാം സ്ഥാനത്തെത്തി. 204.882 പോയിന്റ്. 204.852 പോയിന്റുമായി ഹോങ്കോംഗ് വെങ്കലമെഡല്‍ സ്വന്തമാക്കി.

1982 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രഘുവീര്‍ സിംഗ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. നാലു വര്‍ഷത്തിനു ശേഷം 1986ലെ സ്‌കൗള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും അദ്ദേഹം കൈവരിച്ചിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്.

അശ്വാഭ്യാസത്തിലെ സ്വര്‍ണത്തിനു പുറമെ തുഴച്ചിലില്‍ ഒരു വെള്ളിയും വെങ്കലവും ചൊവ്വാഴ്ച ഇന്ത്യ നേടി. വനിതാ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ തുഴച്ചില്‍ വിന്‍ഡ് സര്‍ഫര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഇബാദ് അലി - വിഷ്ണു ശരവണന്‍ ജോഡി വെങ്കലം നേടി.

ഈ ഏഷ്യന്‍ ഗെയിംസിലെ മൂന്നാമത്തെ സ്വര്‍ണമാണിത്. നേരത്തെ 10മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ സ്വര്‍ണം നേടിയിരുന്നു. ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റില്‍ കിരീടമണിഞ്ഞതാണ് ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണനേട്ടം.

ഇതോടെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 15 മെഡലുകളായി ഇന്ത്യയ്ക്ക്. 95 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. 49 മെഡലുകളുമായി കൊറിയ രണ്ടാമതും 47 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതുമാണുള്ളത്. ഹോംങ്കോംഗിനും പുറകില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.