'നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്'; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

'നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്'; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും  രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദയാവധവും ഗര്‍ഭച്ഛിദ്രവും ജീവന്‍ വച്ച് കളിക്കുന്ന നടപടികളാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ മാര്‍സെയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസം റോമിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്. ആരംഭത്തിലോ അതിന്റെ അവസാനത്തിലോ ജീവന്‍ വച്ച് കളിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ വളരാന്‍ അനുവദിക്കരുതെന്നാണോ നിയമം പറയുന്നത്. ജീവനെ ഇല്ലാതാക്കുക എന്നത് വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറയുന്നില്ല, മറിച്ച് ഇത് ഒരു മാനുഷികമായ കാര്യമാണ്. മരുന്നുകള്‍ ഉപയോഗിച്ച് വേദന നിയന്ത്രിക്കാന്‍ ആളുകളെ സഹായിക്കുന്നതില്‍ ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചു. അതിനാല്‍ നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്' - പാപ്പാ പറഞ്ഞു.

ദ്വദിന സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ ദയാവധത്തെക്കുറിച്ച് സംസാരിച്ചിരുന്നോ എന്ന് വിമാനത്തില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യത്ത് ദയാവധം നിയമവിധേയമാക്കുന്ന വിവാദ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. മാര്‍പാപ്പയുടെ സന്ദര്‍ശനം കാരണം മാറ്റിവച്ച വോട്ടെടുപ്പ് ഉടനെ നടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

മാര്‍സെയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ മാക്രോണുമായി ദയാവധം എന്ന വിഷയത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് പ്രകടിപ്പിച്ചിരുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ജീവന്‍ സംരക്ഷിക്കപ്പെടണമെന്നത് വെറുമൊരു അഭിപ്രായ പ്രകടനമല്ലെന്നും വേദന എപ്പോഴും തടയണമെന്ന ആശയത്തിലേക്ക് എത്തുക എളുപ്പമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മരുന്നുകള്‍ ഉപയോഗിച്ച് വേദന നിയന്ത്രിക്കാന്‍ രോഗികളെ സഹായിക്കുന്നതില്‍ ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്. പാപ്പ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.

'ദൈവത്തിനെതിരായ പാപം' എന്ന് പരാമര്‍ശിക്കുന്നത് ഉള്‍പ്പെടെ മാര്‍പാപ്പ തന്റെ പദവിയിലുടനീളം ദയാവധത്തെ നിരന്തരം അപലപിച്ചിട്ടുണ്ട്.

കത്തോലിക്കാ രാജ്യമായ പോര്‍ച്ചുഗലിലും ദയാവധം നിയമവിധേയമാക്കിയതിനെതിരേ പാപ്പ കടുത്ത വേദന പങ്കുവച്ചിരുന്നു. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തില്‍ കൊല്ലാനുള്ള ഒരു നിയമം നടപ്പാക്കിയെന്നാണ് പാപ്പ അന്നു പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.