സപ്ലൈകോയ്ക്ക് പണമില്ലെന്നതിന്റെ പേരില്‍ നെല്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കാനാകില്ല; ഒരു മാസത്തിനകം കുടിശിക നല്‍കണമെന്ന് ഹൈക്കോടതി

സപ്ലൈകോയ്ക്ക് പണമില്ലെന്നതിന്റെ പേരില്‍ നെല്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കാനാകില്ല; ഒരു മാസത്തിനകം കുടിശിക നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നെല്‍ കര്‍ഷകര്‍ക്ക് സപ്ലൈകോ നല്‍കാനുള്ള തുകയുടെ കുടിശിക ഒരു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. നെല്‍ കര്‍ഷകര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം.

ബാങ്കിലെത്തി രസീത് ഒപ്പിട്ടു നല്‍കിയാല്‍ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നാണ് പറയുന്നതെങ്കില്‍ ഇക്കാര്യം ഹര്‍ജിക്കാരോട് ആവശ്യപ്പെടാന്‍ സപ്ലൈകോയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതിന് തയ്യാറല്ലെന്ന് കര്‍ഷകര്‍ പറഞ്ഞാല്‍ അവര്‍ക്കും ഒരു മാസത്തിനുള്ളില്‍ സപ്ലൈകോ പണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.

വിഷയം ഒക്ടോബര്‍ 31 ന് വീണ്ടും പരിഗണിക്കും. അന്ന്് സപ്ലൈകോ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണം. 50,000 രൂപ വരെയുള്ള തുക ഉടന്‍ നല്‍കുമെന്നും അതില്‍ കൂടുതലുള്ള തുകയാണെങ്കില്‍ 28 ശതമാനം നേരിട്ടും ബാക്കിതുക ബാങ്കുകള്‍ മുഖേന നല്‍കുമെന്നുമാണ് സപ്ലൈകോ അറിയിച്ചത്.

ഏപ്രില്‍, മേയ് മാസങ്ങളിലാണ് നെല്ല് സംഭരിച്ചത്. മുഴുവന്‍ തുകയും ഇതുവരെ നല്‍കിയിട്ടില്ല. ഇതിനായി ബാങ്കിനെ സമീപിച്ച് വായ്പാ അപേക്ഷയും സെക്യൂരിറ്റി രേഖകളും ഒപ്പിട്ടു നല്‍കാന്‍ സപ്ലൈകോ ആവശ്യപ്പെടുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരും സപ്ലൈകോയും ബാങ്കുകളുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ബാങ്ക് പണം നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ബാങ്കിലെത്തി രസീത് ഒപ്പിട്ടുനല്‍കാനാണ് കര്‍ഷകരോട് ആവശ്യപ്പെടുന്നതെന്നും സപ്ലൈകോ വ്യക്തമാക്കി.

നെല്ലുസംഭരണ പദ്ധതിയനുസരിച്ച് സംഭരിച്ച് 60 ദിവസത്തിനകം കര്‍ഷകര്‍ക്ക് തുക പൂര്‍ണമായും നല്‍കണം. എന്നിട്ടും തുക നല്‍കാനാകാത്ത സ്ഥിതി മോശമാണെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെ ആശങ്ക തള്ളിക്കളയാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍, ബാങ്കുകളുടെ ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് രസീത് ഒപ്പിട്ടു നല്‍കണമെന്ന് പറയുന്നതെന്നും തുക തിരിച്ചുനല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്കല്ലെന്നും സപ്ലൈകോ വ്യക്തമാക്കിയതിനാല്‍ അത്തരമൊരു ആശങ്ക ഹര്‍ജിക്കാര്‍ക്ക് ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

കരാര്‍ പ്രകാരം കര്‍ഷകര്‍ക്ക് തുക പൂര്‍ണമായും നല്‍കേണ്ട ബാധ്യത സപ്ലൈകോയ്ക്കാണ്. സപ്ലൈകോയ്ക്ക് പണമില്ലെന്നതിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.