ഗെയ്ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി; 12 ലക്ഷം തൊഴിലവസരങ്ങളെന്ന് പ്രധാനമന്ത്രി

 ഗെയ്ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി; 12 ലക്ഷം തൊഴിലവസരങ്ങളെന്ന് പ്രധാനമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായി. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിന്റെയും കര്‍ണാടകയുടെയും വികസനത്തിന് പദ്ധതി വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ധന മലിനീകരണം പതിന്മടങ്ങ് കുറയും. റോഡ് ദുരന്തം കുറയും. വാഹനങ്ങള്‍ക്കും സിഎന്‍ജി ഇന്ധനം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം കൂടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നിറവേറ്റപ്പെട്ടതെന്ന് ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാളയാര്‍-കോയമ്പത്തൂര്‍ ലൈന്‍ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ അസൗകര്യങ്ങള്‍ ഉണ്ടാകും. ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങള്‍ ഒപ്പം നിന്നു. ഊര്‍ജ്ജ രംഗത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗെയില്‍ പദ്ധതി വഴി തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും അഞ്ച് നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.

പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക് ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്ര നേട്ടമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.