കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; ഉന്നതര്‍ ഇടപെട്ട സംഘടിത കുറ്റകൃത്യമെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം;  ഉന്നതര്‍ ഇടപെട്ട സംഘടിത കുറ്റകൃത്യമെന്ന്  ഇ.ഡി

കൊച്ചി:  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആര്‍ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

എന്നാല്‍ 1600 രൂപയുടെ കാര്‍ഷിക പെന്‍ഷന്‍ മാത്രമാണ് അമ്മയുടെ വരുമാനം. കൂടാതെ ഈ അക്കൗണ്ടിന്റെ നോമിനി സതീഷ് കുമാറിന്റെ സഹോദരനാണെന്നും ഇ.ഡി വ്യക്തമാക്കി. സതീഷ് കുമാറും അരവിന്ദാക്ഷനും ഒരുമിച്ച് വിദേശയാത്ര നടത്തിയതായും ഇ.ഡി പറയുന്നു.

ചാക്കോ എന്ന വ്യക്തിയോടൊപ്പവും അരവിന്ദാക്ഷന്‍ വിദേശ യാത്ര നടത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളും ഇ.ഡി പരിശോധിച്ച് വരികയാണ്.

ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി അരവിന്ദാക്ഷനെ ഇ.ഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. കേസില്‍ ഉന്നതബന്ധം വ്യക്തമായെന്നാണ് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുന്‍ ബാങ്ക് അക്കൗണ്ടന്റ് ജില്‍സിനെയും എറണാകുളം സബ് ജയിലിലേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

അരവിന്ദാക്ഷനെ കൂടാതെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. വായ്പാ തട്ടിപ്പിനെ ഉന്നതര്‍ ഇടപെട്ട സംഘടിത കുറ്റകൃത്യമെന്നാണ് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുള്ളതായി ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.