തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനം നല്‍കാമെന്നും ഇതിന് സാവകാശം വേണമെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസ് പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്. പരാതിക്കാരനായ ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസ് സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ഇതോടെ അഖില്‍ സജീവിന്റെ വാദങ്ങള്‍ പൊളിഞ്ഞു.
അതേസമയം, ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് കോഴ ചോദിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതി ലഭിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
നിലവില്‍ ഒരു പരാതി മാത്രമാണ് ലഭിച്ചത്. അത് ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു നല്‍കിയ പരാതിയാണ്. മകന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഹരിദാസ് കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രില്‍ 10 ന് വൈകുന്നേരം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണിത്.
പക്ഷേ, തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിദാസ്. അന്നേദിവസം പത്തനംതിട്ടയില്‍ അഖില്‍ മാത്യു ഉണ്ടായിരുന്നെങ്കില്‍ പരാതി നല്‍കിയപ്പോള്‍ അത് ചൂണ്ടിക്കാണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹരിദാസ് ചോദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.