കാലിഫോര്‍ണിയ: അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്‍മാവകാശമായി പൗരത്വം നല്‍കുന്നത് നിര്‍ത്തുന്നതിനെ പിന്തുണച്ച് വിവേക് രാമസ്വാമി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനായി മത്സരിക്കുന്നവരില്‍ ഒരാളാണു വിവേക് രാമസ്വാമി. രണ്ടാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലാണ് വിവേക് രാമസ്വാമി, മുന്‍ പ്രസിഡന്റ് ട്രംപിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പ്രതികരണം നടത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ 'ജന്മാവകാശ പൗരത്വം' അവസാനിപ്പിക്കുമെന്നാണ് വിവേക് രാമസ്വാമിയുടെ വാഗ്ദാനം.
യുഎസിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായ രാമസ്വാമി ബുധനാഴ്ച നടന്ന രണ്ടാം റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലാണ് ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
2015-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപും സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ലഭിക്കും എന്നാണ് അമേരിക്കന്‍ ഭരണഘടനയില്‍ പറയുന്നത്. അമേരിക്കന്‍ മണ്ണില്‍ ജനിച്ചവര്‍ക്ക് പൗരത്വം നല്‍കുന്ന ദീര്‍ഘകാല പാരമ്പര്യത്തോട് മിക്കവരും യോജിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെന്ന് ചില നിയമപണ്ഡിതന്‍മാര്‍ പറയുന്നു. അതിനാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കരുത്. കാരണം, അവരുടെ മാതാപിതാക്കള്‍ നിയമം ലംഘിച്ച് രാജ്യത്ത് വന്നവരാണ്- വിവേക് രാമസ്വാമി പറഞ്ഞു.
തെക്കന്‍ അതിര്‍ത്തിയിലെ സൈനികവത്കരണം, മെക്സോ, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുക എന്നതടക്കമുള്ള വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളുമായി താന്‍ യോജിക്കുന്നുവെന്നും വിവേക് രാമസ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി, നേരത്തെ എച്ച് വണ്‍ ബി വിസ നയങ്ങളെ എതിര്‍ത്തും രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ പൗരന്‍മാര്‍ക്ക് യുഎസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച് വണ്‍ ബി വിസ സമ്പ്രദായം അവസാനിപ്പിക്കുമെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം. ഡിബേറ്റിന് ശേഷം നടന്ന ആദ്യ വോട്ടെടുപ്പില്‍ 504 പേര്‍ പങ്കെടുത്തു. 28 ശതമാനം പേരാണ് വിവേക് രാമസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തത്. മികച്ച ഡിബേറ്റ് കാഴ്ചവെച്ചത് വിവേക് രാമസ്വാമിയാണ് എന്നാണ് ഡിബേറ്റിന് ശേഷം അഭിപ്രായം ഉയര്‍ന്നുവന്നത്. സംവാദത്തില്‍, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയും ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.