ബംഗളൂരു: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുംബൈ, കൊല്‍ക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയത്.
കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 22 വിമാന സര്‍വീസുകളും ഇവിടേക്കുള്ള 22 വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ 50 അംഗങ്ങളെ കര്‍ണാടക പോലീസ് തടവിലാക്കിയിട്ടുണ്ട്.
കാവേരി നദീജലം തമിഴ്നാടിന് വിട്ടു നല്‍കുന്നതില്‍ കന്നഡകര്‍ഷക സംഘടനകളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. ചിക്മാംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ബൈക്കുകളില്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു.
ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ 80,000 പോലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചു. 1900 ത്തോളം വരുന്ന അസോസിയേഷനുകള്‍ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തി. ആശുപത്രികള്‍, ആംബുലന്‍സ്, മെഡിക്കല്‍ സര്‍വീസുകള്‍ ഒഴികെയുള്ള ഒന്നും പ്രവര്‍ത്തിക്കുന്നില്ല. കന്നഡ സിനിമാ പ്രവര്‍ത്തകരും സമരക്കാരെ അനുകൂലിച്ച് രംഗത്തെത്തി.
തമിഴ്നാടിന് ജലം വിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിലെ കാവേരീ നദിക്കരയില്‍ കന്നഡ സംഘടനാ പ്രവര്‍ത്തകരും കര്‍ഷകരും പ്രതിഷേധിച്ചു. കാവേരി വിഷയത്തില്‍ വേണ്ട രീതിയില്‍ ഇടപെടാത്തതില്‍ സംസ്ഥാനത്തെ എം.പിമാര്‍ക്കെതിരേ ബെംഗളൂരുവില്‍ വനിതകളുടെ പ്രതിഷേധം നടന്നു. കര്‍ണാടക രക്ഷണ വേദികെയുടെ വനിതാ വിഭാഗമാണ് പ്രതിഷേധം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.