കരുതലേകാം ഓരോ ഹൃദയ തുടിപ്പിനും; ഇന്ന് ലോക ഹൃദയ ദിനം

കരുതലേകാം ഓരോ ഹൃദയ തുടിപ്പിനും; ഇന്ന് ലോക ഹൃദയ ദിനം

നമുക്ക് വേണ്ടി ഓരോ സെക്കന്റും ഇടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം. തിരക്കേറിയ ജീവിതത്തിനിടയില്‍ കുറച്ച് സമയമെങ്കിലും ഹൃദയാരോഗ്യത്തിനായി മാറ്റി വെയ്ക്കാം.

ലോകാരോഗ്യ സംഘടനയുടെ മുന്‍ അധ്യക്ഷന്‍ ആന്റണി ബെയ് ഡി ലൂണയാണ് ആഗോളതലത്തില്‍ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്. 1999 മുതലാണ് സെപ്റ്റംബര്‍ 29 ലോക ഹൃദയദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിലെ പ്രമേയം എന്ന് പറയുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് നാല് ശതമാനത്തില്‍ കുറവാണ്.

കേരളം ഇന്ന് ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. കേരളത്തില്‍ 20 ശതമാനത്തിലധികം പേര്‍ക്ക് ഗുരുതരമായ ഹൃദ്രോഗ സാധ്യതയുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. പണ്ട് പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ഹൃദയ സംബന്ധ അസുഖങ്ങള്‍ ചെറുപ്പക്കാരിലേക്കും ചേക്കേറിയിരിക്കുകയാണ്. നിരന്തരമുള്ള മാനസിക പിരിമുറുക്കവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സ്ട്രസ് അനുഭവിക്കുന്നവരില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. മാനസിക സമ്മര്‍ദം കാരണമാണ് പലപ്പോഴും ഹൃദയസംബന്ധ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കി കുറച്ച് സമയം വിശ്രമിക്കുന്നതും വ്യായാമം ചെയ്യുന്നതും യോഗ ചെയ്യുന്നതുമൊക്കെ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. രക്ത സമ്മര്‍ദം താങ്ങാനാകാതെ വരുന്ന സാഹചര്യത്തിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തെ സംരക്ഷിക്കാന്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക, കൃത്യ സമയങ്ങളില്‍ ആഹാരം കഴിക്കുക, ഫാസ്റ്റ് ഫുഡും, മധുര പലഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക, ഭക്ഷണക്രമത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക, ദിവസവും വ്യായമം ചെയ്യുന്നതിനോ യോഗ ചെയ്യുന്നതിനോ വേണ്ടി സമയം കണ്ടെത്തുക, കൃത്യമായി ഉറങ്ങുക എന്നിവയാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്.

ഹൃദയ ദിനത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അവബോധം വളര്‍ത്തുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ സംബന്ധിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനുമാണ് ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.