ചെന്നൈ: വീരപ്പന്‍ വേട്ടയുടെ പേരില്‍ തമിഴ്നാട്ടിലെ ആദിവാസി ഗ്രാമമായ വച്ചാത്തിയില്‍ ക്രൂരമായ നരനായാട്ടു നടത്തിയ കേസില്‍ 215 ഫോറസ്റ്റ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. തടവുശിക്ഷ വിധിച്ച ധര്‍മപുരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് വേല്‍മുരുകന്‍ തള്ളിയത്.
126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബറില്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവരില്‍ 54 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചതിനാല്‍ 215 പേരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വര്‍ഷം വരെയുള്ള തടവ് ശിക്ഷയാണ് ഇവര്‍ക്ക് വിചാരണക്കോടതി വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവര്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതില്‍ പകുതി ശിക്ഷിക്കപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.
ഇരകള്‍ക്ക് ഉചിതമായ സര്‍ക്കാര്‍ ജോലി നല്‍കണമെന്നു നിര്‍ദേശിച്ച ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കും വനം വകുപ്പ് സൂപ്രണ്ട് ഉള്‍പ്പെടെയുളളവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വീരപ്പന്‍ വേട്ടയുടെ പേരില്‍ 1992 ജൂണില്‍ ആദിവാസി ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ക്രൂരമായ നരവേട്ട നടത്തുകയായിരുന്നു. 18 സ്ത്രീകള്‍ ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവന്‍ കൊള്ളയടിക്കുകയായിരുന്നു. നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.