ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളിലേക്ക് പോകാന്‍ ഭയം; കാനഡ സ്വന്തം മണ്ണില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ്. ജയശങ്കര്‍

ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളിലേക്ക് പോകാന്‍ ഭയം; കാനഡ സ്വന്തം മണ്ണില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: കാനഡ സ്വന്തം മണ്ണില്‍ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ സ്വീകരിക്കുന്ന നിലപാടില്‍ ഇന്ത്യയ്ക്കുള്ള അതൃപ്തിയും അദേഹം പ്രകടമാക്കി.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ പോകാന്‍ ഭയമാണെന്നും പരസ്യമായ ഭീഷണിയാണ് അവര്‍ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളാണ് വിസ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിലേയ്ക്ക് നയിച്ചതെന്നും അദേഹം വ്യക്തമാക്കി.

അതേസമയം നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന നിലപാട് അമേരിക്ക ആവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് അന്വേഷണത്തില്‍ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ടത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റുമാരാണെന്ന കാനഡയുടെ നിലപാടിനെ അമേരിക്ക തള്ളിയിട്ടില്ല.

എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പരസ്യമായ നിലപാടും സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ അമേരിക്ക ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങളടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്‍-ജയശങ്കര്‍ കൂടിക്കാഴ്ച്ചയില്‍ നിജ്ജാര്‍ വിഷയം വീണ്ടും ഉയര്‍ന്നു വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.