പ്രവാസികള്‍ക്ക് ഇ ബാലറ്റ്: വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

പ്രവാസികള്‍ക്ക് ഇ ബാലറ്റ്:  വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് ഏര്‍പ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുമായി കമ്മിഷന്‍ ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുന്നതില്‍ നിയമ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യ മന്ത്രാലയവും വിശദമായി ചര്‍ച്ച നടത്തി. കരട് രൂപരേഖ കമ്മിഷന്‍ കൈമാറുകയും ചെയ്തു. എല്ലാവരോടും കൂടിയാലോചന നടത്തണമെന്ന നിര്‍ദേശത്തോടെയാണ് ഇ ബാലറ്റിനെ വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചത്.

അടുത്ത വര്‍ഷം കേരളത്തിലുള്‍പ്പടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ വോട്ടുചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. ഇ ബാലറ്റിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നാണ് കമ്മിഷന്റെ നിര്‍ദേശം.

ഇക്കാര്യത്തില്‍ നിയമ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. 206 രാജ്യങ്ങളിലായി 1.7 കോടി പ്രവാസികളുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് 99,807 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു. ഇതില്‍ 85,161 പേര്‍ കേരളത്തില്‍ നിന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.