ഇംഫാല്‍: മണിപ്പൂരില്‍ മെയ്‌തേയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. എന്‍ഐഎയും സിബിഐയും പിടികൂടിയ ഏഴുപേരെയും വിട്ടയക്കണമെന്നാണ് ആവശ്യം.
പ്രതിഷേധത്തിന്റെ ഭാഗമായി ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ അടച്ചിടലിന് കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു. അടച്ചിടല്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് സമുദാ നേതാക്കള്‍ വ്യക്തമാക്കി.
അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതോടെ ഇന്റര്‍നെറ്റ് നിരോധനവും അഞ്ച് ദിവസത്തേയ്ക്ക് നീട്ടി
മെയ്‌തേയ് സമുദായക്കാരുടെ പ്രദേശവുമായിട്ടുള്ള അതിര്‍ത്തി അടയ്ക്കും. സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും കുടിവെള്ള വിതരണം, വൈദ്യുത, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ അനുവദിക്കുമെന്ന് സമര നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരില്‍ നിന്നാണ് ഏഴ് പേരെയും സിബിഐ അറസ്റ്റ് ചെയ്തത്. ഇവരെ ഗുവാഹത്തിയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പതിനേഴും ഇരുപത്തൊന്നും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളെ ജൂലൈ അറിനാണ് കാണാതായത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26