വത്തിക്കാന്‍: കുട്ടികള്‍ക്കൊപ്പം ഒരു ദിവസം പങ്കിടാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ. ലോകത്തിന്റെ നാനാഭാഗത്തു നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കൊപ്പം നവംബറില്‍ ഒരു ദിവസം പങ്കിടുമെന്നാണ് മാര്‍പാപ്പ അറിയിച്ചിരിക്കുന്നത്.
'നിങ്ങള്‍ കുഞ്ഞുങ്ങളെ പോലെ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കില്ല.' ഈ തിരുവചനം അന്വര്‍ഥമാക്കി ലോകത്തിനു മാതൃകയാകാന്‍ ഫ്രാന്‍സിസ് പാപ്പ. പതിവു ഞായറാഴ്ച സന്ദേശം നല്‍കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു സമീപമുള്ള ബാല്‍ക്കണിയില്‍ അഞ്ചു കുട്ടികള്‍ക്കൊപ്പമാണ് പാപ്പ എത്തിയത്.
'എന്റെ കൂടെയുള്ള ഈ കുരുന്നുകളെ നിങ്ങള്‍ കാണുന്നുണ്ടല്ലോ. അഞ്ചു വ്യത്യസ്ത ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ഇവര്‍. ഇവരെ പോലെ ലോകമെമ്പാടും നിന്നുള്ള കളങ്കമേശാത്ത കുട്ടികള്‍ക്കൊപ്പം പ്രാര്‍ഥനയും വിചിന്തനവുമായി ഒരു ദിവസം ചെലവഴിക്കും' എന്ന് മാര്‍പാപ്പ തന്റെ സന്ദേശത്തിനിടെ അറിയിച്ചു.
നവംബര്‍ ആറാം തീയതി ഉച്ചകഴിഞ്ഞ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് മാര്‍പാപ്പ കുട്ടികളെ കാണും. ലോകത്തിന്റെ ജഡികമോഹങ്ങളും വഞ്ചനയും സ്പര്‍ശിക്കാത്ത നൈര്‍മല്യം നിറഞ്ഞ ഇവരുടെ ജീവിതത്തെ നോക്കി പഠിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലെറ്റ്‌സ് ലേണ്‍ ഫ്രം ബോയ്‌സ് ആന്‍ഡ് ഗേള്‍സ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഏകദിന മീറ്റിംഗ് ഒരുക്കുന്നത്. വത്തിക്കാനിലെ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍ ചുമതലയുള്ള കൂരിയയാണ് മാര്‍പാപ്പയും കുട്ടികളുമായുള്ള ഈ സംവാദത്തിന് വേദിയൊരുക്കുന്നത്.
കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ കുട്ടിക്കാലത്തേക്ക് മടങ്ങിപോകാന്‍ സാധിക്കണം. സംശുദ്ധവും കളങ്കരഹിതവുമായ ആ നൈര്‍മല്യ നിമിഷങ്ങളിലേക്ക് പിച്ചവെക്കുകയാണ് ലക്ഷ്യമെന്നും സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ 'കുട്ടികളെ പോലെ ഉള്ളവര്‍ക്കാണ് സ്വര്‍ഗരാജ്യം' എന്ന വചനമനുസരിച്ച് ജീവിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മാര്‍പാപ്പ കുട്ടികളുമായുള്ള സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞു.
ബന്ധങ്ങളുടെ വിശുദ്ധി, അപരിചിതരോടും പെട്ടെന്നു ഇണങ്ങുന്ന പ്രകൃതം, ദൈവിക നിര്‍മിതികളില്‍ മതിപ്പ് എന്നീ സത്ഗുണങ്ങള്‍ കുട്ടികളില്‍ പ്രകടമാണ്. ഇവയെല്ലാം കുട്ടികളായ നിങ്ങളില്‍ നിന്നു പഠിക്കേണ്ടിയിരിക്കുന്നുവെന്നും അതിനായി ഞാന്‍ തീക്ഷ്ണതയോടെ കാത്തിരിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26