ഡാളസ്: പക്ഷികളുടെ സംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി ഡാളസ് നഗരം. നഗരത്തിലെ പ്രകാശ മലിനീകരണത്തില്‍ നിന്ന് ദേശാടന പക്ഷികളെ സംരക്ഷിക്കാനും അവയെ മരണത്തില്‍നിന്നു രക്ഷിക്കാനും ലൈറ്റിങ് സമയക്രമത്തില്‍ മാറ്റം വരുത്തി ഡാളസ് ഡൗണ്‍ ടൗണിലെ റീയൂണിയന്‍ ടവര്‍. ഒരു മാന്ത്രിക വടിയെ അനുസ്മരിപ്പിക്കുന്ന ടവറിലെ ലൈറ്റ് ഷോ ഒട്ടേറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിസ്മയകാഴ്ച്ചയാണ്. എന്നാല്‍ സമീപവര്‍ഷങ്ങളിലായി ദേശാടന പക്ഷികളുടെ സംരക്ഷണത്തിനു വേണ്ടി ലൈറ്റിങ് സമയക്രമത്തില്‍ ഇടയ്ക്കിടെ മാറ്റം വരുത്താറുണ്ട്. ടവര്‍ പിന്തുടരുന്ന പക്ഷി സൗഹൃദ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ഒക്ടോബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 21 വരെ റീയൂണിയന്‍ ടവറിലെ ലൈറ്റിംഗ് ഷെഡ്യൂള്‍ ഇങ്ങനെയാണ്: സൂര്യാസ്തമയം മുതല്‍ രാത്രി 11 വരെ പ്രകാശത്തിന്റെ തീവ്രത കുറയ്ക്കും. രാത്രി 11 മുതല്‍ ആറു വരെ പൂര്‍ണമായും ഓഫാക്കും. രാവിലെ ആറിന് സൂര്യോദയ സമയത്ത് വീണ്ടും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കും.
സെപ്റ്റംബര്‍ ആറു മുതല്‍ ഒക്ടോബര്‍ 29 വരെയാണ് ഡാളസിലൂടെയുള്ള ദേശാടന പക്ഷികളുടെ സഞ്ചാരം. എല്ലാ ശരത്കാലത്തും വസന്തകാലത്തും ഏകദേശം രണ്ട് ബില്യണ്‍ ദേശാടന പക്ഷികളാണ് ടെക്‌സാസിലൂടെ സഞ്ചരിക്കുന്നത്. രാത്രിയിലാണ് പക്ഷികള്‍ ദേശാടനം നടത്തുന്നത്. നഗരത്തിലെ തീവ്ര വെളിച്ചം ദേശാടന പക്ഷികളെ ആകര്‍ഷിക്കുന്നു, ഇത് അവയുടെ സഞ്ചാരദിശ തെറ്റാനും കെട്ടിടങ്ങളുമായി കൂട്ടിയിടിക്കാനും വഴിതെറ്റാനും കാരണമാകുന്നു. പലപ്പോഴും പക്ഷികളുടെ കൂട്ടമരണത്തിനും ഇതിടയാക്കുന്നു.
പക്ഷി നിരീക്ഷകരുടെ സര്‍വേ അനുസരിച്ച് ഡാളസ്, ഓസ്റ്റിന്‍, ഹ്യൂസ്റ്റണ്‍, ഫോര്‍ട്ട് വര്‍ത്ത് തുടങ്ങിയ നഗരങ്ങളില്‍ ഓരോ രാത്രിയും നൂറുകണക്കിന് പക്ഷികളെയാണ് ചത്ത നിലയില്‍ കണ്ടെത്തുന്നത്. ഓരോ വര്‍ഷവും അമേരിക്കയില്‍ ഏകദേശം ഒരു ബില്യണ്‍ പക്ഷികളാണ് കൊല്ലപ്പെടുന്നത്.
ദേശാടന പക്ഷികളുടെ സഞ്ചാരത്തിന് ഏറ്റവും വലിയ അപകടഭീഷണി ഉയര്‍ത്തുന്ന യു.എസിലെ മൂന്നാമത്തെ പ്രദേശമാണ് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത്. ഷിക്കാഗോയാണ് ഒന്നാം സ്ഥാനത്ത്. ഹൂസ്റ്റണ്‍ രണ്ടാം സ്ഥാനത്തും.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍ പ്രകാരം, ഡാളസിലും ഹ്യൂസ്റ്റണിലും രാത്രിയിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് പക്ഷികളുടെ സുഗമമായ കുടിയേറ്റത്തിനും നിലനില്‍പ്പിനുമുള്ള ഏറ്റവും പ്രധാന തടസം. പ്രകാശമലിനീകരണത്തില്‍നിന്ന് പക്ഷികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2020 മുതല്‍ വസന്തകാലത്ത് സംസ്ഥാനവ്യാപകമായി ലൈറ്റ്സ് ഔട്ട് ടെക്സാസ് എന്ന കാമ്പെയ്ന്‍ ആരംഭിച്ചത്.
ഡാളസ് നഗരത്തിന്റെ ഒരു പ്രധാന ലാന്‍ഡ്മാര്‍ക്കാണ് റീയൂണിയന്‍ ടവര്‍. 561 അടി (171 മീറ്റര്‍) ഉയരമുള്ള ഒരു നിരീക്ഷണ ഗോപുരമാണിത്. ഇവിടെ നിന്ന് നോക്കിയാല്‍ നഗരം താഴെ എല്ലാ ദിശകളിലും വ്യാപിച്ചുകിടക്കുന്നത് അതിമനോഹരമായി വീക്ഷിക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.