ന്യുഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണ കോടതിക്കെതിരെ ആവര്‍ത്തിച്ച് ഹര്‍ജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. ഭട്ടിന്റെ മൂന്ന് ഹര്‍ജികളും സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
മൂന്ന് ഹര്‍ജികളിലും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ തുക ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്കാണ് അടയ്‌ക്കേണ്ടത്. നിലവിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ മുതിര്‍ന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബനസ്‌കന്തയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതാണ് ഹര്‍ജികളില്‍ ഒന്ന്.
വിചാരണ കോടതി നടപടികള്‍ ഓഡിയോ-വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ചാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് എന്നാവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ ഹര്‍ജി. ഒരുതവണയെങ്കിലും സുപ്രീം കോടതിയില്‍ പോയിട്ടുണ്ടോ എന്ന് ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് ഭട്ടിനോട് ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഭട്ടിന് വേണ്ടി ഹാജരായത്.
2018 സെപ്റ്റംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുഖ്യവിമര്‍ശകനായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യ മോഡിയുടെ അറിവോടെയാണ് നടന്നതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ബി.ജെ.പി സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ വേട്ടയാടാന്‍ തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.