ട്രാന്‍സ് ഹിമാലയ ഫോറം ചൈന സംഘടിപ്പിക്കുന്നത് അരുണാചലിന് സമീപം; നിരീക്ഷിച്ച് ഇന്ത്യ

 ട്രാന്‍സ് ഹിമാലയ ഫോറം ചൈന സംഘടിപ്പിക്കുന്നത് അരുണാചലിന് സമീപം; നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുമായി അരുണാചല്‍ അതിര്‍ത്തി സംബന്ധിച്ച പ്രശ്നങ്ങള്‍ സങ്കീര്‍ണമായി തുടരുന്നതിനിടെ നാളെയും മറ്റന്നാളുമായി നടക്കുന്ന ട്രാന്‍സ് ഹിമാലയ ഫോറത്തിന് ചൈന വേദിയൊരുക്കുന്നത് അരുണാചല്‍ പ്രദേശിന് സമീപമുള്ള ടിബറ്റിലെ നൈന്‍ചിയില്‍. ഇത് ചൈനയുടെ അടുത്ത പ്രകോപനമായാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പാകിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി മംഗോളിയയുടെ ഉപ പ്രധാനമന്ത്രി, ചൈനയുടെ വിദേശകാര്യ മന്ത്രി, അഫ്ഗാനിസ്ഥാന്റെ ഇടക്കാല വിദേശകാര്യ മന്ത്രി തുടങ്ങിയ രാഷ്ട്ര നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ യോഗത്തെ ഇന്ത്യയും പ്രാധാന്യത്തോടെയാണ് കാണുന്നത്. നൈന്‍ചിയും അരുണാചല്‍ പ്രദേശും തമ്മില്‍ ഏതാനും കിലോമീറ്ററിന്റെ ദൂരം മാത്രമേയുള്ളൂ.

ഭൂമിശാസ്ത്രപരമായ ബന്ധം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള പ്രായോഗിക സഹകരണം വര്‍ധിപ്പിക്കുന്നതിന് 2018 ലാണ് ട്രാന്‍സ് ഹിമാലയ ഫോറം ആരംഭിച്ചത്. ഫോറത്തിന്റെ അവസാന യോഗം 2019 ല്‍ നടന്നിരുന്നു.'പാരിസ്ഥിതിക നാഗരികതയും പരിസ്ഥിതി സംരക്ഷണവും' എന്നതാണ് ഈ വര്‍ഷത്തെ ഫോറത്തിന്റെ ആശയം.

ചൈന ദക്ഷിണ ടിബറ്റ് എന്ന് വിളിക്കുന്ന അരുണാചല്‍ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അരുണാചല്‍ പ്രദേശിനെയും കിഴക്കന്‍ ലഡാക്കിലെ അക്സായി ചിന്‍ മേഖലയെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു.

2021 ല്‍ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തും പ്രകോപനം സൃഷ്ടിച്ചിരുന്നു. അതേസമയം അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളിയിട്ടുണ്ട്. നേരത്തെ ഏഷ്യന്‍ ഗെയിംസിനായി അരുണാചല്‍ പ്രദേശിലെ അത്‌ലറ്റുകള്‍ക്ക് വിസ നല്‍കാന്‍ ചൈന വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്തിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ബീജിങ് വിസയും അക്രഡിറ്റേഷനും നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ചൈന സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.