അതിര്‍ത്തിയില്‍ ചൈന ശത്രു; ഡല്‍ഹിയില്‍ ബഡാ ദോസ്ത്.... ഇതാണ് 'മോഡി'യുള്ള ഭരണം

അതിര്‍ത്തിയില്‍ ചൈന ശത്രു;         ഡല്‍ഹിയില്‍ ബഡാ ദോസ്ത്.... ഇതാണ് 'മോഡി'യുള്ള ഭരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ ചൈനീസ് നീക്കത്തിനെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഡല്‍ഹിയിലെ റെയില്‍വേ തുരങ്ക നിര്‍മാണക്കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കൈമാറി.

ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്ന ഡല്‍ഹി മീററ്റ് റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ഡല്‍ഹി മീററ്റ്-ആര്‍ആര്‍ടിഎസ്) റൂട്ടില്‍ 5.6 കിലോമീറ്റര്‍ നീളമുള്ള തുരങ്ക നിര്‍മാണമാണ് ഷാങ്ഹായ് ആസ്ഥാനമായ കമ്പനിക്ക് കൈമാറിയത്. 1,126 കോടിയുടെ തുരങ്കനിര്‍മാണം ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് കമ്പനിയാണ് ഏറ്റെടുത്തിട്ടിളളത്.

ടണല്‍ നിര്‍മാണത്തിന് ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കുറവ് ഷാങ്ഹായ് കമ്പനിയുടേതായിരുന്നു. ഡല്‍ഹി ന്യൂ അശോക് നഗര്‍ മുതല്‍ ഷാഹിദാബാദ് വരെയുളള സ്ട്രെച്ചിലാണ് തുരങ്കം നിര്‍മ്മിക്കുക. അഞ്ച് കമ്പനികളാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്. അതില്‍ ഏറ്റവും കുറവ് തുകയ്ക്ക് പണി തീര്‍ക്കാമെന്ന് രേഖപ്പെടുത്തിയത് ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് കമ്പനിയാണന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് റൂട്ടിലെ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറാണ് ഡല്‍ഹി മീററ്റ്-ആര്‍ആര്‍ടിഎസ്. ഇതിന് ആകെ 82.16 കിലോമീറ്റര്‍ നീളമാണ് ഉള്ളത്. നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് പ്രൊജക്റ്റിന് നേതൃത്വം നല്‍കുന്നത്. തുരങ്കപാത പൂര്‍ത്തിയായാല്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് 60 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.