'രണ്ടാം ക്രിസ്തു' എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ഇന്ന് തിരുസഭ ആഘോഷിക്കുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍, ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചവന്‍ എന്നീ വിശേഷണങ്ങളും ഫ്രാന്‍സിസ് അസീസിക്ക് സ്വന്തം.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവചരിത്രം അറിയാത്ത ക്രൈസ്തവര്‍ ചുരുക്കം. പുണ്യവും എളിമയും വിശുദ്ധിയും നിറഞ്ഞ, തന്റെ ജീവിതം കൊണ്ട് തിരുസഭയെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു വിശുദ്ധന്‍ ഉണ്ടാവുകയില്ല. ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിരുന്നെങ്കിലും 'ദൈവം ഒരു അനുഭവമായപ്പോള്‍' ഉടുതുണി പോലും അഴിച്ചു കളഞ്ഞ് ക്രിസ്തുവിനെ പിന്തുടരാന്‍ വീടുവിട്ടിറങ്ങിയ ചെറുപ്പക്കാരന്‍.
വിശുദ്ധ ഫ്രാന്‍സീസിന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു അസീസിയിലുള്ള 'സാന്‍ ഡാമിയാനോ' ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍, അവന്‍ കേട്ട ദൈവത്തിന്റെ സ്വരം. ''ഫ്രാന്‍സിസ്, തകര്‍ന്നു കിടക്കുന്ന ദേവാലയം നീ പുതുക്കിപ്പണിയുക'' എന്നത്. സ്വന്തം കരം കൊണ്ട് സാന്‍ ഡാമിയാനോ ദേവാലയം പുതുക്കിപ്പണിയാന്‍ ഫ്രാന്‍സിസ് ആരംഭിച്ചു.
എന്നാല്‍ താന്‍ പുതുക്കിപ്പണിയേണ്ട ദേവാലയം തിരുസഭ മാത്രമല്ല, തന്റെ ഉടലാകുന്ന, ശരീരമാകുന്ന ദേവാലയം തന്നെയാണെന്ന് പിന്നീട് ഫ്രാന്‍സീസിന് മനസിലായി.
സന്യാസ ജീവിതം ഉപേക്ഷിക്കാനും ലോക മോഹങ്ങളുടെ ഭൗതിക ജീവിതം സ്വീകരിക്കാനുള്ള തീവ്രമായ പ്രലോഭനങ്ങളുണ്ടായപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് നഗ്‌നനായി അസീസിയിലെ സെന്റ് മേരീ ഓഫ് ഏഞ്ചല്‍സ് ബസിലിക്കയുടെ സമീപമുള്ള റോസാച്ചെടികളില്‍ കിടന്നുരുണ്ട് പരിത്യാഗം അനുഷ്ഠിച്ചു. വിശുദ്ധിയുടെ അടയാളമെന്നോണം ഇന്നും ആ പൂന്തോട്ടത്തില്‍ ഒരു മുള്ള് പോലുമില്ല.
തന്റെ മാനസാന്തരത്തിനു ശേഷം വിശുദ്ധ ഫ്രാന്‍സിസ് തെരുവില്‍ അലഞ്ഞു നടക്കുന്ന, സമൂഹം പുറന്തള്ളിയ കുഷ്ഠരോഗികളെപ്പോലും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി സന്തോഷത്തോടെ ആശ്ലേഷിക്കുമായിരുന്നു.
'എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' എന്ന ക്രിസ്തു വചനം വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ ആരെങ്കിലും അനുകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26