ഗാങ്‌ടോക്ക്: വടക്കന്‍ സിക്കിമിലെ ലഖന്‍ വാലിയില്‍ മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ഒഴുക്കില്‍പ്പെട്ട് 23 സൈനികരെ കാണാതായെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം. കാണായവര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.
സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലാവുകയായിരുന്നു. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പ് ഉയര്‍ന്നു. മംഗന്‍ ജില്ലയിലെ ദിക്ചുവിലെ ടീസ്റ്റ സ്റ്റേജ്-5 അണക്കെട്ടും തുറന്നിട്ടുണ്ട്. അണക്കെട്ടിന്റെ കണ്‍ട്രോള്‍ റൂമിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത-10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധ ഇടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 2400ഓളം വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ വടക്കന്‍ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയേത്തുടര്‍ന്ന് പ്രളയം അഭിമുഖീകരിച്ചിരുന്നു.
കാലവര്‍ഷത്തെ തുടര്‍ന്ന് കനത്ത മഴയാണ് ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് പെയ്തത്. ഗാങ്‌ടോക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സിങ്താം ടൗണിലെ ഇന്ദ്രേനി പാലം മുട്ടിയാണ് പ്രളയ ജലം കടന്നു പോകുന്നത്. പുലര്‍ച്ചെ നാലോടെ ബാലുതാര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്‌ടോക് ഭരണകൂടം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.