ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്ററിനോട് സുപ്രീം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതുകൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ധനാപഹരണക്കേസില്‍ ഗുരുഗ്രാം ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മിന്റെ ഡയറക്ടര്‍മാരായ പങ്കജ് ബന്‍സല്‍, ബസന്ത് എന്നിവരെ അറസ്റ്റു ചെയ്ത സംഭവത്തിലാണ് കോടതി വിധി.
'പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഒരു പ്രധാന ഏജന്‍സി എന്ന നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെല്ലാം സുതാര്യമായിരിക്കണം. അന്വേഷണത്തില്‍ അങ്ങേയറ്റത്തെ നിഷ്പക്ഷതയും നീതിയും കാണിക്കണം. അറസ്റ്റ് ചെയ്താല്‍ അത് രേഖാമൂലം അപ്പോള്‍ തന്നെ അറിയിക്കുകയും വേണം. 2002 ലെ നിയമപ്രകാരം ഇഡിക്ക് നല്‍കിയ വിപുലമായ അധികാരങ്ങള്‍ പ്രതികാരം ചെയ്യാനുള്ളതല്ല.'- വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് രേഖാമൂലം എഴുതി നല്‍കേണ്ടതില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചില്ല. പിഎംഎല്‍എ നിയമം സെക്ഷന്‍ 19 ലെ വകുപ്പ് 22(1) പ്രകാരം അത് നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് സുപ്രീം കോടതി വിധി. ബിജെപി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡിയുടെ റെയ്ഡും അന്വേഷണവും അതിവേഗത്തില്‍ നടക്കുന്നത് പ്രതികാര നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.