അമേരിക്കയില്‍ രാജ്യവ്യാപകമായി ഇന്ന് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കും; പരിഭ്രമിക്കരുത്, ട്രയല്‍ റണ്ണെന്ന് ഫെഡറല്‍ സര്‍ക്കാര്‍

അമേരിക്കയില്‍ രാജ്യവ്യാപകമായി ഇന്ന് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കും; പരിഭ്രമിക്കരുത്, ട്രയല്‍ റണ്ണെന്ന് ഫെഡറല്‍ സര്‍ക്കാര്‍

വാഷിങ്ടണ്‍: ഇന്ന് ഉച്ചയ്ക്കു ശേഷം 2:20-ന് (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു അടിയന്തര മുന്നറിയിപ്പ് സന്ദേശം എത്തിയാല്‍ ആരും പരിഭ്രാന്തരാകരുത്. അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ടെക്‌സ്റ്റ് സന്ദേശം ലഭിക്കുന്നത്. എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനത്തിന്റെയും വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ടുകളുടെയും കാര്യക്ഷമത പരിശോധിക്കാനുള്ള ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് സന്ദേശം ലഭിക്കുന്നത്.

മൊബൈല്‍ ഫോണുകളിലും ടെലിവിഷന്‍, റേഡിയോ ഉള്‍പ്പടെയുള്ള ഉപകരണങ്ങളിലും പരീക്ഷാണാര്‍ത്ഥത്തില്‍ രാജ്യത്തുടനീളം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കും. ഇത് പരീക്ഷണം മാത്രമാണെന്നും ഈ സന്ദേശത്തിന് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ദേശീയ തലത്തിലുള്ള മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള ഫലപ്രദമായ മാര്‍ഗമായി ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ട്രയല്‍ റണ്ണിന്റെ ലക്ഷ്യമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.

വാഷിങ്ടണിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷനുമായി ചേര്‍ന്നാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് 2:20-ന് അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്നത്. ഫോണിലെ ഭാഷയെ ആശ്രയിച്ച് ഇംഗ്ലീഷിലോ സ്പാനിഷിലോ ടെക്‌സ്റ്റ് സന്ദേശം പ്രദര്‍ശിപ്പിക്കും.

അമേരിക്കയില്‍ പതിവായുണ്ടാകുന്ന കൊടുങ്കാറ്റും മഴയും മറ്റു പ്രകൃതി ദുരന്തങ്ങളും നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ട ആവശ്യകത സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് കൃത്യമായ വിവരം കൈമാറുന്നതിനാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്നതിലൂടെ അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

ഒരു പ്രത്യേക ശബ്ദത്തോടെ വൈബ്രേഷനോടെയായിരിക്കും അലേര്‍ട്ട് ലഭിക്കും. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും വേഗത്തില്‍ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും ഉതകുന്ന വിധത്തിലാണ് സന്ദേശം തയാറാക്കിയിരിക്കുന്നത്. അതിനൊപ്പം റേഡിയോകളിലും ടെലിവിഷനുകളിലും ഒരേ സമയത്ത്, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടെസ്റ്റ് എമര്‍ജന്‍സി അലേര്‍ട്ട് പ്രക്ഷേപണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.