അഗ്‌നിക്കു ചുറ്റും ഏഴുവട്ടം വലം വയ്ക്കാത്ത ഹിന്ദു വിവാഹം അസാധുവെന്ന് അലഹാബാദ് ഹൈക്കോടതി

അഗ്‌നിക്കു ചുറ്റും ഏഴുവട്ടം വലം വയ്ക്കാത്ത ഹിന്ദു വിവാഹം അസാധുവെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: അഗ്‌നിക്ക് ചുറ്റും ഏഴ് വട്ടം വലം വയ്ക്കുന്ന 'സപ്തപദി' ചടങ്ങും മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്നില്‍ നിന്ന് വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി.

താന്‍ വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമുള്ള യുവതിയുടെ വാദം കോടതി അംഗീകരിച്ചു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം വിവാഹം ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചാകുന്നത് 'സപ്തപദി' അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ യുവതിക്ക് എതിരായി ആദ്യ ഭര്‍ത്താവ് സത്യം സിങ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിങ് എന്ന യുവതി സത്യം സിങിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2021 ജനുവരി 11 ന് കേസ് കോടതിയിലെത്തുകയും പുനര്‍വിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നല്‍കണമെന്ന് മിര്‍സാപൂര്‍ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു.

പിന്നാലെ 2021 സെപ്റ്റംബര്‍ 20 ന് യുവതി വീണ്ടും വിവാഹിതയായി. ഇതിനെതിരെയാണ് സത്യം സിങ്് പരാതിയുമായി കോടതിയിലെത്തുന്നത്. ജസ്റ്റിസ് സഞ്ജയ് കുമാറാണ് കേസ് പരിഗണിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.