രണ്ടാം ഘട്ടത്തിലും ബംഗാളില്‍ കനത്ത പോളിങ്; വൈകുന്നേരം അഞ്ച് വരെ 90 ശതമാനം: വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി

രണ്ടാം ഘട്ടത്തിലും ബംഗാളില്‍ കനത്ത പോളിങ്; വൈകുന്നേരം അഞ്ച് വരെ 90 ശതമാനം: വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ടത്തിലും കനത്ത പോളിങ്. വൈകുന്നേരം അഞ്ച് മണി വരെ 90 ശതമാനം പോളിങ് രേഖപ്പെടുത്തി. 92.4 ശതമാനം ആയിരുന്നു ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

വോട്ടെടുപ്പിനിടെ പലയിടത്തും അക്രമങ്ങളുണ്ടായി. പോളിങില്‍ വ്യാപക ക്രമക്കേട് നടന്നതായി ബിജെപി പരാതിപ്പെട്ടു. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്റെ സ്വാധീന മേഖലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ബിജെപിയുടെ പരാതി. ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ച വോട്ടിങ് മെഷീനിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഫല്‍ത്തയിലെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് താല്‍കാലികമായി നിര്‍ത്തിവെച്ചു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാല്‍ റീപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ശക്തമായ സ്വാധീന മേഖലയാണ് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍.

വോട്ടിങ് യന്ത്രങ്ങളില്‍ ടേപ്പ് ഒട്ടിച്ചതുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രാഥമികമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസറില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഇവിഎമ്മില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ ആ ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും നിഷേധിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് ബിജെപി ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ടിഎംസി വക്താവ് റിജു ദത്ത പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് നിരീക്ഷകന്‍ അജയ് പാല്‍ ശര്‍മയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.