ദോഹ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഖത്തർ. ഖത്തറിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ, സേവന ഫീസുകൾ വർധിപ്പിച്ച സംഭവം താൽക്കാലികമായി പ്രവാസികൾക്ക് ബാധകമാക്കില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.മന്ത്രാലയത്തിനു കീഴിലുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷനിലെയും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെയും (പിഎച്ച്‌സിസി) മെഡിക്കൽ, ചികിൽസാ സേവനങ്ങളുടെ ഫീസും ചാർജുകളും വർധിപ്പിച്ചതായി കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത് വാർത്തയായിരുന്നു.
നിലവിലെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു കൊണ്ടുള്ളതായിരുന്നു പുതുക്കിയ നിരക്ക്. ഒക്ടോബർ നാലു മുതൽ പുതിക്കിയ നിരക്ക് നിലവിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പുതുക്കിയ നിരക്ക് ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് സന്ദർശകരായി എത്തുന്നവർക്കു മാത്രമേ പുതുക്കിയ നിരക്ക് ബാധകമാവുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ഘട്ടത്തിൽ പ്രവാസികൾക്ക് പുതുക്കിയ നിരക്ക് ബാധകമാക്കുമെങ്കിലും രാജ്യത്ത് നിർബന്ധിതമായി നടപ്പിലാക്കി വരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പൂർണമായും നിലവിൽ വന്ന ശേഷം മാത്രമേ അതുണ്ടാകൂ എന്നും അധികൃതർ അറിയിച്ചു. അതുവരെ പുതുക്കുന്നതിനു മുമ്പുള്ള നിരക്കുകളായിരിക്കും അവർക്ക് ബാധകമാവുക. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാർത്തയാണിത്.
ഇൻഷൂറൻസ് നിലവിൽ വന്ന ശേഷം പുതുക്കിയ നിരക്ക് നടപ്പിലായാൽ അത് നേരിട്ട് പ്രവാസികളെ ബാധിക്കില്ല എന്നതാണ് കാരണം. നിലവിൽ രാജ്യത്ത് സന്ദർശകരായി എത്തുന്നവർക്ക് ഇൻഷൂറൻസ് നിർബന്ധമാണ്. അതിനാൽ അവർക്കും പുതുക്കിയ നിരക്ക് വലിയ പ്രശ്‌നമാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.