അഹമ്മദാബാദ്: ലോകകപ്പ് 2023 ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഒമ്പതു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട്- 282/9 (50 ഓവര്‍), ന്യൂസിലന്‍ഡ് - 283/1 (36.2 ഓവര്‍).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ടാം ഓവറില്‍ ഓപ്പണര്‍ മലന്റെ രൂപത്തില്‍ ആദ്യ പ്രഹരമേറ്റു. മാറ്റ് ഹെന്‍ട്രിയാണ് ന്യൂസിലന്‍ഡിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ കിവീസ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി.
ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ട് 77 റണ്‍സ് നേടി ടോപ്‌സ്‌കോററായി. ജോസ് ബട്‌ലര്‍ (43), ബെയര്‍സ്‌റ്റോ (33) എന്നിവരും ചെറിയ സംഭാവന നല്‍കിയെങ്കിലും ബാക്കിയുള്ള ബാറ്റര്‍മാര്‍ നിറംമങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 282ല്‍ അവസാനിച്ചു.
ന്യൂസിലന്‍ഡിനു വേണ്ടി മാറ്റ് ഹെന്‍ട്രി മൂന്നും, മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനെ ഞെട്ടിച്ച് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ സാം കരണ്‍ ഓപ്പണര്‍ വില്‍ യംഗിനെ ജോസ് ബട്‌ലറുടെ കൈയിലെത്തിച്ചു. എന്നാല്‍ തുടര്‍ന്ന് ഒത്തുചേര്‍ന്ന കോണ്‍വേയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് റെക്കോര്‍ഡ് കൂട്ടുകെട്ടോടെ ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിച്ചു.
രണ്ടാം വിക്കറ്റില്‍ 273 റണ്‍സിന്റെ അഭേദ്യമായ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഇന്ന് നേടിയത്. കോണ്‍വെ 121 പന്തില്‍ നിന്ന് 19 ബൗണ്ടറികളുടെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 152 റണ്‍സ് നേടി പുറത്താകാതെ നിന്നു.
96 പന്തില്‍ നിന്ന് 123 റണ്‍സുമായി രവീന്ദ്രയും പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും അഞ്ച് സിക്‌സും രവീന്ദ്രയുടെ ഇന്നിംഗ്‌സിന് ചാരുതയേകി. ഒരു വിക്കറ്റും സെഞ്ചുറിയും നേടിയ രവീന്ദ്രയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.