കോഴിക്കോട്: സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍ മത കോടതി രൂപീകരിച്ച് ഉത്തരവിറക്കി എന്ന തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച് മാധ്യമങ്ങള്‍. സഭാ വിരുദ്ധരായ ചില തല്‍പ്പര കക്ഷികള്‍ സോഷ്യല്‍ മീഡിയ വഴി ഇത്തരം സത്യ വിരുദ്ധമായ വാര്‍ത്തകള്‍ക്ക് പ്രചാരവും നല്‍കുന്നു.
നൂറ്റാണ്ടുകളായി സഭ പിന്തുടരുന്ന കാനോനിക നിയമങ്ങളെക്കുറിച്ചോ, അതിലെ നടപടിക്രമങ്ങളെപ്പറ്റിയോ അറിവില്ലാത്തതിനാലാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കാന്‍ കാരണം. സഭാ കോടതികള്‍ എന്നത് പുതിയ കാര്യമല്ല. 'കച്ചേരി' എന്ന പേരില്‍ എല്ലാ രൂപതകളിലും ഇത്തരം സഭാ കോടതികളുണ്ട്. അല്‍മായരും സന്യസ്തരും സഭാ നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഒരു സംവിധാനമാണിത്.
സഭാ നിയമങ്ങളെ വെല്ലുവിളിക്കുകയും അധികാരികളെ ധിക്കരിക്കുകയും ചെയ്ത ഫാ.തോമസ് (അജി) പുതിയാപറമ്പില്‍ എന്ന വൈദികനെതിരെ കാനോനിക നിയമപ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ വേണ്ടിയാണ് ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷനായി ഒരു സഭാ ട്രൈബ്യൂണലിന് രൂപം നല്‍കിയത്.
കുറ്റാരോപിതനായ വൈദികന് ട്രൈബ്യൂണലിന്റെ മുമ്പാകെ വന്ന് തന്റെ ഭാഗം വിശദീകരിക്കുവാന്‍ സ്വാതന്ത്രമുണ്ട്. അദേഹത്തെ ഇക്കാര്യം സഭാ നേതൃത്വം രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. അല്ലാതെ ചില മാധ്യമങ്ങള്‍ പറയുന്നതു പോലെ ഇത് വെറും കുറ്റവിചാരണക്കോടതിയല്ല.
താമരശേരി രൂപതയ്ക്ക് കീഴിലുള്ള നൂറാംതോട് സെന്റ് ജോസഫ് ഇടവക വികാരിയായി ഫാ.തോമസ് പുതിയാപറമ്പിലിനെ നിയമിച്ച് നല്‍കിയ ഉത്തരവ് അംഗീകരിക്കുകയോ ഏല്‍പ്പിച്ച സ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതിരുന്നത് തികഞ്ഞ അച്ചടക്ക ലംഘനമായി കണ്ട രൂപതാ നേതൃത്വം അദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഈ നിര്‍ദേശവും പാലിക്കാതിരുന്ന ഫാ.തോമസ് പുതിയാപറമ്പില്‍ സഭാ നേതൃത്വത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും പൊതുസമൂഹത്തില്‍ ക്രൈസ്തവ സഭയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആശയ പ്രചാരണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തുടര്‍ നടപടി എന്നോണം വൈദികന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് കാനോനിക നടപടികളിലേക്ക് കടക്കുവാനുമായി സഭാ ട്രൈബ്യൂണല്‍ രൂപീകരിച്ചത്.
വൈദികനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചുകൊണ്ടാണ് അദേഹത്തെ കേള്‍ക്കാന്‍ സഭാ നേതൃത്വം തയ്യാറായതെന്നതും ശ്രദ്ധേയമാണ്. ട്രൈബ്യൂണല്‍ രൂപീകരിച്ച് പുറത്തിറക്കിയ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയുടെ ഉത്തരവില്‍ ഇക്കാര്യം എടുത്ത് പറയുന്നുമുണ്ട്. ഇതാണ് വാസ്തവമെന്നിരിക്കെ അവസരം കിട്ടുമ്പോഴെല്ലാം ക്രൈസ്തവ സഭയെ അവഹേളിക്കാന്‍ കാത്തിരിക്കുന്ന ഒരുപറ്റം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി സ്വയം അപഹാസ്യരാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.