ഹോക്കിയില്‍ സ്വര്‍ണം; ഇന്ത്യയുടെ 22ാം സ്വര്‍ണം, ആകെ 95 മെഡലുകള്‍; മെഡല്‍ നേട്ടത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യ

ഹോക്കിയില്‍ സ്വര്‍ണം; ഇന്ത്യയുടെ 22ാം സ്വര്‍ണം, ആകെ 95 മെഡലുകള്‍; മെഡല്‍ നേട്ടത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യ

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം നേടി ഇന്ത്യ. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഈ ജയത്തോടെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതയും ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കി.

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 95 ആയി. അമ്പെയ്ത്തില്‍ മൂന്ന്, കബഡിയില്‍ രണ്ട്, ബാഡ്മിന്റന്‍, ക്രിക്കറ്റ് എന്നിവയില്‍ ഓരോ മെഡലുകള്‍ വീതവും ഉറപ്പിച്ചിട്ടുള്ള ഇന്ത്യ ചൈനയില്‍ 100 മെഡലുകള്‍ ഉറപ്പിച്ചു.

2018ല്‍ ജക്കാര്‍ത്ത ഗെയിംസില്‍ നേടിയ 70 മെഡലുകള്‍ ആയിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമാണ് ഇന്തൊനീഷ്യയില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ബ്രിജില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളി നേടി. പുരുഷ ബാഡ്മിന്റനില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16-21,9-21 എന്ന സ്‌കോറിനാണ് പ്രണോയ് തോറ്റത്.

അമ്പെയ്ത്ത് റീകര്‍വ് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫില്‍ മംഗോളിയയെ തോല്‍പിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാര്‍ എന്നിവര്‍ സെമിയിലെത്തിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയില്‍ കിരണ്‍ ബിഷ്‌ണോയ്ക്കു വെങ്കലം. മംഗോളിയന്‍ താരത്തെ 6-3നാണ് കിരണ്‍ കീഴടക്കിയത്.

ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌രംഗ് പുനിയ സെമിയില്‍ തോറ്റു. ഇറാന്റെ മുന്‍ ലോകചാംപ്യന്‍ റഹ്‌മാന്‍ അമോസാദ്കയ്‌ലിയോടാണ് ബജ്‌രംഗ് 18ന് തോറ്റത്. വെങ്കല മെഡലിനായി താരം മത്സരിക്കും. 57 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ അമന്‍ സെഹ്‌റാവത്ത് ജപ്പാന്റെ തോഷിഹിരോ ഹസെഗാവയോടു തോറ്റു. സെമിയില്‍ 10-12നാണ് അമന്റെ തോല്‍വി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.