ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് ഒട്ടെറെ പുതിയ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്ത മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം. 102 റണ്‍സ് വിജയത്തോടെ ഈ ലോകകപ്പില്‍ മറ്റുള്ളവര്‍ക്ക് ശക്തമായ മുന്നറിയിപ്പും ദക്ഷിണാഫ്രിക്ക നല്‍കി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 428/5, ശ്രീലങ്ക - 326 (44.5).
സുന്ദരമായ ബാറ്റിംഗ് പിച്ചില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം തെറ്റിയെന്ന് ഓരോ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരും തെളിയിക്കാന്‍ മല്‍സരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക നേടിയത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മൂന്നു ബാറ്റര്‍മാര്‍ സെഞ്ചുറി നേടി. ഇതും ഒരു ചരിത്രമാണ്.
രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിനു ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് - വാന്‍ ഡെ ഡസന്‍ സഖ്യം 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു ടീമിന് ശക്തമായ അടിത്തറ നല്‍കി. ഡികോക്ക് ആക്രമിച്ചു കളിച്ചപ്പോള്‍ ഡസന്‍ മികച്ച പിന്തുണ നല്‍കി. 83 പന്തില്‍ നിന്ന് തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി കണ്ടെത്തിയ ഡികോക്ക് അടുത്ത പന്തില്‍ മടങ്ങി.
തുടര്‍ന്ന് ഡസന്‍ സെഞ്ചുറിയുമായി മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 37.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് മാത്രം. തുടര്‍ന്നായിരുന്നു എയ്ഡന്‍ മര്‍ക്രം ആളിക്കത്തിയത്. വെറും 49 പന്തില്‍ നിന്നു ഏറ്റവും വേഗതയേറിയ ലോകകപ്പ് സെഞ്ചുറി തന്റെ പേരില്‍ കുറിച്ച് മര്‍ക്രം മടങ്ങുമ്പോള്‍ സ്‌കോര്‍ 47.1 ഓവറില്‍ 383. പത്തോവറില്‍ പിറന്നത് 119 റണ്‍സ്.
അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറിന്റെ വമ്പനടികള്‍ ദക്ഷിണാഫ്രിക്കയെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് സ്‌കോറില്‍ എത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ പാത്തും നിസംഗയുടെ രൂപത്തില്‍ ആദ്യ വിക്കറ്റ് പെട്ടെന്നു തന്നെ നഷ്ടമായി. എന്നാല്‍ കുശാല്‍ മെന്‍ഡിസ് ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ മല്‍സരം മികച്ചതായി. കുശാല്‍ പെരെരയെ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി മെന്‍ഡിസ് തകര്‍ത്താടുകയായിരുന്നു. എട്ട് പടുകൂറ്റന്‍ സിക്‌സുകളും നാലു ബൗണ്ടറിയുമടക്കം 42 പന്തില്‍ നിന്ന് 76 റണ്‍സ് നേടി കുശാല്‍ മെന്‍ഡിസ് മടങ്ങി.
ചരിത് അസലങ്ക 65 പന്തില്‍ നിന്ന് 79 റണ്‍സും, നായകന്‍ ദസുന്‍ ശനക 62 പന്തില്‍ നിന്ന് 68 റണ്‍സും നേടി പ്രത്യാക്രമണം നടത്തിയെങ്കിലും വിജയം എത്തിപിടിക്കാവുന്നതിലും അപ്പുറമായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കോട്ട്‌സി മൂന്നും, കേശവ് മഹാരാജ്, റബാദ, മാര്‍കോ ജാന്‍സെന്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും നേടി. ലുംഗി എന്‍ഗിടി ഒരു വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മര്‍ക്രം ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.