ഗാസ: പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു. അതേ സമയം, ഈ ആക്രമണത്തിനു ശക്തമായി മറുപടി നല്‍കിയ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 200ല്‍ അധികം പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ അതിശക്തമായ പ്രത്യാക്രമണമാണ് നടത്തിവരുന്നത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഇതുവരെ ഇരുനൂറിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടെന്നും 1600ല്‍ അധികം പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ALSO READ: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്: ഹമാസ് ആക്രമണത്തില്‍ മരണം 20 ആയി; തിരിച്ചടിച്ച് ഇസ്രയേല്‍: മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ബങ്കറുകളിലേക്ക് മാറി
അതേസമയം, ഹമാസ് ഇസ്രയേലില്‍ അടുത്ത നാളില്‍ നടത്തിയ ഏറ്റവും കടുത്ത ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ അയച്ചുവെന്ന് അവകാശപ്പെട്ട് ഹമാസ് രംഗത്തു വന്നതിനു പിന്നാലെ ഒട്ടേറെ ഹമാസ് പോരാളികള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു. ഇവര്‍ നിരവധി ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ALSO READ: ഇസ്രയേലിന് പിന്തുണയുമായി ലോക രാജ്യങ്ങള്‍; ഇറാനും ഖത്തറും ഹമാസിനൊപ്പം
മുതിര്‍ന്ന ഉദ്യോഗസ്ഥരെ അടക്കം ഇസ്രയേലി സൈനികരെയും സാധാരണക്കാരെയും ബന്ധികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്രയേല്‍ സൈനികരെയും സാധാരണ പൗരന്‍മാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലുമായി ആയുധധാരികളായ ഹമാസ് ഭീകരര്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗാസയില്‍വച്ച് കൊലപ്പെടുത്തിയ ഇസ്രയേല്‍ സൈനികന്റെ മൃതദേഹത്തോട് അക്രമികള്‍ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യവും ഹമാസ് ഭീകരരും ഇപ്പോഴും കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. കനത്ത പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.
ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഹമാസ് ആക്രമണത്തെ ഇന്ത്യ അപലപിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍, യുക്രെയ്ന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ആക്രമണത്തെ എതിര്‍ത്തു.
ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൗദ്യ അറേബ്യ ആവശ്യപ്പെട്ടു. എന്നാല്‍ സംഘര്‍ഷത്തിന് ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഖത്തര്‍ തങ്ങളുടെ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.