വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേര്‍ക്ക് നേര്‍; മഴ ഭീഷണിയെന്ന് റിപ്പോര്‍ട്ട്, ഗില്ലിനു പകരം കിഷനോ രാഹുലോ? സാധ്യതാ ടീം ഇങ്ങനെ

വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേര്‍ക്ക് നേര്‍; മഴ ഭീഷണിയെന്ന് റിപ്പോര്‍ട്ട്, ഗില്ലിനു പകരം കിഷനോ രാഹുലോ? സാധ്യതാ ടീം ഇങ്ങനെ

ചെന്നൈ: ലോക ഒന്നാം നമ്പര്‍ ഏകദിന ടീമെന്ന ഖ്യാതിയോടെ ലോകകപ്പ് കിരീടപോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. അതേ സമയം, ചെന്നൈയുടെ മാനത്ത് കാണുന്ന കാര്‍മേഘം ആരാധകരുടെ മനസില്‍ ആശങ്കയുടെ മഴ പെയ്യിക്കുന്നു.

ചെന്നൈയില്‍ ഇന്നലെയും മഴ പെയ്തിരുന്നു. ഇത് ആശങ്ക കൂട്ടുന്നു. നേരത്തെ, പല പരിശീലന മല്‍സരങ്ങളും മഴ മൂലം മാറ്റിവെച്ചിരുന്നു.

മഴയും മോശം കാലാവസ്ഥയും നല്‍കുന്ന ആശങ്ക ഒഴിവാക്കിയാല്‍ ഇന്ന് പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഏഷ്യാകപ്പ് കിരീടമടക്കം അടുത്തിടെ മികച്ച പ്രകടനമാണ് ടീം ഇന്ത്യ നടത്തിയിരിക്കുന്നത്. വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച ഫോമിലാണ്. ഇവര്‍ക്കു പിന്തുണയേകാന്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ശര്‍ദുല്‍ ഠാക്കൂറുമുണ്ട്.

എന്നാല്‍ ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നിലുള്ള ശുഭ്മാന്‍ ഗില്‍ ഇന്നത്തെ മല്‍സരത്തിന് ഉണ്ടാവില്ല. പകരം ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചന. കെഎല്‍ രാഹുലും ഓപ്പണിംഗ് പൊസിഷനില്‍ കളിക്കുമെങ്കിലും ഇടംകൈ-വലംകൈ കോമ്പിനേഷനുമായി ഇന്ത്യ മല്‍സരത്തിന് ഇറങ്ങാനാണ് സാധ്യത.

ബുംറയും ലോക ഒന്നാം നമ്പര്‍ ബൗളറായ സിറാജും നയിക്കുന്ന പേസ് ആക്രമണത്തിന് പിന്തുണയേകാന്‍ മുഹമ്മദ് ഷമിയുണ്ട്. എന്നാല്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ അശ്വിനും ജഡേജയും കുല്‍ദീപും അടക്കം സ്പിന്‍ ത്രയത്തെ കളിപ്പിക്കാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യത്തില്‍ ഷമി സൈഡ് ബെഞ്ചിലാകും.

അതേ സമയം, അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. മികച്ച പേസ് ആക്രമണവും മികച്ച ബാറ്റിംഗ് ലൈനപ്പും കൈവശമുള്ള ഓസ്‌ട്രേലിയയെ നിസാരമായി കാണാനാവില്ല. നിലവിലെ മൂന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചുവന്ന് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാധ്യതാ ടീം ഇങ്ങനെ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.