ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും; 107 മെഡലെന്ന ചരിത്ര നേട്ടവുമായി ഇന്ത്യ നാലാമത്

ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും; 107 മെഡലെന്ന ചരിത്ര നേട്ടവുമായി ഇന്ത്യ നാലാമത്

ഹാങ്ചൗ: പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഇന്ന് ചൈനയിലെ ഹാങ്ഷൗ നഗരത്തിൽ സമാപിക്കും. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തിയാണ് ഇന്ത്യയുടെ മടക്കം. 107 മെഡലുകൾ നേടി നാലാമതാണ് ഇന്ത്യ. 382 മെഡലുകൾ നേടി ആതിഥേയരായ ചൈന ചാമ്പ്യന്മാരായി.

ചരിത്രത്തിലെ ഏറ്റവുംവലിയ മെഡൽ നേട്ടത്തിന്‌ ഇന്ത്യയെ സഹായിച്ചത്‌ അത്‌ലറ്റിക്‌സ്‌, ഷൂട്ടിങ്‌, അമ്പെയ്‌ത്ത്‌ ഇനങ്ങളാണ്‌. മൂന്നിനങ്ങളിലായി 60 മെഡൽ കിട്ടി. 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഗെയിംസിൽ 15 സ്വർണമടക്കം 51 മെഡലുമായി രണ്ടാം സ്ഥാനത്ത്‌ എത്തിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു തവണയും എട്ടാം സ്ഥാനമായിരുന്നു.

ജക്കാർത്തയിൽ (2018) നേടിയ 70 മെഡലായിരുന്നു എറ്റവുംവലിയ നേട്ടം. 100 മെഡലായിരുന്നു ഇത്തവണത്തെ ലക്ഷ്യം. പ്രതീക്ഷയും മറികടന്നുള്ള പ്രകടനമാണ്‌ 655 അംഗ ഇന്ത്യൻ സംഘം നടത്തിയത്‌. ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്‌ഷൗ ഒളിമ്പിക് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ. ഉദ്ഘടനം പോലെ തന്നെ സമാപനവും ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമാപന ചടങ്ങിൽ 2100 ലധികം കലാകാരന്മാർ പങ്കെടുക്കും. പുരുഷ ഹോക്കി താരം ശ്രീജേഷ് ഇന്ത്യൻ പതാക വഹിക്കും. സമാപന ചടങ്ങ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) വൈകിട്ട് 5:30 ന് ആരംഭിക്കും. ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും ടെലികാസ്റ്റും ഇന്ത്യയിൽ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.