രാജസ്ഥാനടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

 രാജസ്ഥാനടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിക്കുക.

ഉച്ചയ്ക്ക് 12 ന് വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികളും എത്ര ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയതടക്കമുള്ള വിവരങ്ങള്‍ അറിയിക്കും. 2023 ഡിസംബറിനും 2024 ജനുവരിയിലുമായാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുക.

കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയ്ക്കും കോണ്‍ഗ്രസിനും വിവിധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. ബിജെപി നേരിട്ട് ഭരിക്കുന്നത് മധ്യപ്രദേശിലാണ്. കെ.സി.ആര്‍ നേതൃത്വം നല്‍കുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാനയില്‍. മിസോ നാഷണല്‍ ഫ്രണ്ടാണ് മിസോറാമില്‍ ഭരിക്കുന്നത്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ്. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ 13 ന് ചേരും. യോഗത്തില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനാണ് നീക്കം. സ്ഥാനാര്‍ഥി പട്ടിക അന്തിമമായാല്‍ ഉടനടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കു കടക്കുകയാണ് ലക്ഷ്യമിടുന്നത്.

തുടര്‍ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പ്രചരണം തുടങ്ങി. ജാതി സെന്‍സസ്, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.

സംസ്ഥാനത്ത് നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യവാരത്തിനും ഇടയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നു വരെയാണ് നിലവിലെ ഛത്തീസ്ഗഡ് നിയമസഭയുടെ കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.